കാസർഗോഡ് : അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ ഒരാള്‍കൂടി മരിച്ചു. മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രജിത്താണ് മരിച്ചത്. ഇതോടെ മരണത്തില്‍ ആകെ മരണം അഞ്ചായി.
ചോയ്യങ്കോട് കിണാവൂരിലെ യു. രതീഷ് (40), കൊല്ലമ്പാറ മഞ്ഞളംകാടിലെ ഓട്ടോഡ്രൈവര്‍ കെ.ബിജു (37), ചെറുവത്തൂര്‍ തുരുത്തി ഓര്‍ക്കളത്തെ ഷിബിന്‍രാജ് (19), കിണാവൂര്‍ റോഡിലെ സി.സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ നേരത്തെ മരിച്ചിരുന്നത്.
ഒക്‌ടോബർ 28ന് അർധരാത്രി കളിയാട്ടത്തിനിടെയാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ അപകടമുണ്ടായത്. 154 പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്. വധശ്രമം കൂടി ഉള്‍പ്പെടുത്തി കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. പടക്കം സൂക്ഷിച്ചതിന് സമീപത്ത് തന്നെ പടക്കം പൊട്ടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കുളിച്ചുതോറ്റം ചടങ്ങിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് തീപ്പൊരി തൊട്ടടുത്തുള്ള ഷെഡിന്റെ മേൽക്കൂരയുടെ വിടവിലൂടെ ഉള്ളിലേക്കു വീണത്. തെയ്യമിറങ്ങുമ്പോൾ പൊട്ടിക്കാൻ സൂക്ഷിച്ചിരുന്ന പടക്കശേഖരമാണ് പൊട്ടിത്തെറിച്ചത്.വെടിക്കെട്ട് നടന്ന സ്ഥലവും പടക്കങ്ങൾ സൂക്ഷിച്ച ഷെഡും തമ്മിൽ ഒന്നര മീറ്റർ മാത്രമായിരുന്നു അകലം. തെയ്യക്കോലം കാണാൻ ഈ ഷെഡിന്റെ വരാന്തയിൽ സ്ത്രീകളും കുട്ടികളുമടക്കം തിങ്ങിനിറഞ്ഞിരുന്നു.

