Friday, December 12, 2025

നിമിഷപ്രിയ കേസ് : 24-നോ 25-നോ വധശിക്ഷ നടപ്പാക്കാൻ സാധ്യതയുണ്ടെന്ന് സുവിശേഷകൻ കെ.എ. പോൾ ; വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ

ദില്ലി : യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ കേസിൽ നിർണ്ണായക നീക്കവുമായി സുവിശേഷകൻ ഡോ. കെ.എ. പോൾ. നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് പോൾ സുപ്രീംകോടതിയെ സമീപിച്ചു. ഈ മാസം 24-നോ 25-നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ സാധ്യതയുണ്ടെന്നും, മൂന്ന് ദിവസത്തേക്ക് മാദ്ധ്യമങ്ങൾ വാർത്ത നൽകുന്നത് തടയണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. നിമിഷപ്രിയ നേരിട്ട് ആവശ്യപ്പെട്ടതിനാലാണ് താൻ ഈ ഹർജി നൽകിയതെന്നും കെ.എ. പോൾ കോടതിയെ അറിയിച്ചു. ഹർജി പരിഗണിച്ച സുപ്രീംകോടതി, അറ്റോർണി ജനറലിന് നോട്ടീസ് അയച്ചു. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നേരത്തെയും കെ.എ. പോൾ രംഗത്തെത്തിയിരുന്നു. തന്റെ ഇടപെടലിന്റെ ഫലമായി നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന് അദ്ദേഹം ആദ്യം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം, മോചനത്തിനുള്ള ധനസമാഹരണത്തിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെച്ച് 8.3 കോടി രൂപ ആവശ്യപ്പെട്ട് പോൾ പ്രചാരണം നടത്തിയിരുന്നു. എന്നാൽ, ഇത് വ്യാജമാണെന്ന് കേന്ദ്ര സർക്കാർ തന്നെ പിന്നീട് വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിലെ പേ ആൻഡ് അക്കൗണ്ട്സ് ഓഫീസറുടെ അക്കൗണ്ട് വിവരങ്ങൾ പോളിന് എങ്ങനെ ലഭിച്ചു എന്നത് സംബന്ധിച്ച് ചോദ്യങ്ങളും ഉയർന്നിരുന്നു.

Related Articles

Latest Articles