ദില്ലി: ഉത്തരാഖണ്ഡിൽ തുടരുന്ന ശക്തമായ മഴയിൽ കാർ ഒലിച്ചുപോയി ഒമ്പത് പേർ മരിച്ചു. ഉത്തരാഖണ്ഡിലെ രാംനഗറിലെ ധേല നദിയിലാണ് സംഭവം. അതിരാവിലെ മുതൽ മുതൽ ഉത്തരാഖണ്ഡിൽ കനത്ത മഴയാണ്. ധേല നദിക്ക് കുറുകേയുള്ള പാലത്തിലൂടെ വാഹനം പോകുമ്പോഴാണ് പുഴയിലെ വെള്ളം ഉയർന്ന് അപകടം ഉണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാൻ കഴിഞ്ഞത്.
അതേസമയം ഇന്ന് കേരളത്തിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിട്ടുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. തെക്കൻ ഒഡിഷ – വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനു മുകളിൽ ചക്രവാതചുഴിയും ( Cyclonic Circulation)നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ ഫലമായാണ് വ്യാപകമായ മഴയ്ക്കുള്ള സാധ്യതകള്‍ പ്രവചിച്ചിട്ടുള്ളത്.

