Friday, January 2, 2026

പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം പുറത്ത്; കേരളത്തില്‍ വീണ്ടും നിപ്പ സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ശൈലജ

കൊച്ചി: കേരളത്തിൽ വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലുള്ള യുവാവിനു നിപ്പ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. രോഗത്തെ നേരിടാൻ ആരോഗ്യവകുപ്പ് പൂർണ സജ്ജമാണെന്നും ആരു ഭയപ്പെടേണ്ടേതില്ലെന്നും മന്ത്രി വ്യക്തമാക്കി.

പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇതുസംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചതിനെത്തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്. നേരത്തെ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ നിപയോട് സാദൃശ്യമുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മണിപ്പാലിലേക്കും അവിടെനിന്ന് പുണെയിലേക്കും സാംപിളുകൾ അയച്ചത്.

നിപ സ്ഥിരീകരിച്ച യുവാവിനെ കൂടാതെ നാല് പേര്‍ കൂടി അതീവ നിരീക്ഷണത്തിലാണ്. രോഗിയുടെ ഒരു സഹപാഠിയും ചികിത്സിച്ച രണ്ട് നേഴ്‌സുമാരുമാണ് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ തുടരുന്നത്. ഇതില്‍ ഒരാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായും മന്ത്രി വ്യക്തമാക്കി.

രോഗിയുമായി അടുത്തിടപഴകിയവരുള്‍പ്പെടെ 86 പേര്‍ നിരീക്ഷണത്തിലുണ്ട്. നിപ ബാധിച്ച യുവാവിന് എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതര്‍ അവിടെ ഒരുക്കിയിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണ്. സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ല. മറ്റുള്ള രോഗികള്‍ ഭയപ്പെടേണ്ടതില്ല. കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് ജില്ലയിലെ ഐസൊലേഷന്‍ വാര്‍ഡ്.

ചികിത്സയ്ക്ക് മരുന്നുള്‍പ്പെടെയുള്ളവ ലഭ്യമാണ്. നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനുപയോഗിച്ച റിബാവിറിന്‍ എന്ന ഗുളികകള്‍ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ട്. ഇത് ചികിത്സയിലുള്ള യുവാവിന് നല്‍കുന്നുണ്ട്. മുമ്പ് നിപ ബാധയുണ്ടായ സമയത്ത് ഓസ്ട്രേലിയയില്‍ നിന്ന് മരുന്നെത്തിച്ചിരുന്നു. അന്നുകൊണ്ടുവന്ന ഹ്യൂമന്‍ മോണോ ക്ലോണല്‍ ആന്റിബോഡി ഇപ്പോള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. അത്യാവശ്യം വന്നാല്‍ അതു കേരളത്തിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Latest Articles