ദില്ലി : പഹല്‍ഗാമില്‍ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനിടെ പാകിസ്ഥാനില്‍നിന്നുള്ള ഉത്പന്നങ്ങളുടെ നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ. കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ നിന്നാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഉത്തരവ് എത്രയുംവേഗം നടപ്പിലാക്കുമെന്ന് വിദേശവാണിജ്യ വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ സന്തോഷ് കുമാര്‍ സാരംഗി അറിയിച്ചു.ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കൈക്കൊണ്ട നടപടികളുടെ തുടര്‍ച്ചയായാണിത്.
പാകിസ്ഥാനിൽ ഉത്പാദിപ്പിക്കുകയോ, അവിടെനിന്ന് കയറ്റി അയയ്ക്കുകയോ ചെയ്തതായ വസ്തുക്കളുടെ നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി തടഞ്ഞുകൊണ്ടുള്ളതാണ് പുതിയ ഉത്തരവ്. ഉത്തരവില്‍ പറയുന്നു. രാജ്യത്തിന്റെ സുരക്ഷയും പൊതുനയവും കണക്കിലെടുത്താണ് പുതിയ തീരുമാനം. സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി ലഭിക്കുന്ന സാഹചര്യങ്ങളില്‍ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രത്യേക ഇളവുകള്‍ ലഭിക്കുകയുള്ളൂ എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

