Friday, December 12, 2025

കൊല്ലപ്പെട്ട ഭീകരരുടെ ദേഹപരിശോധനയിൽ തിരിച്ചറിയാൻ യാതൊന്നുമില്ല !കത്വയിലെത്തിയത് പുതിയ ഭീകര സംഘടനയിലെ അംഗങ്ങൾ ? അന്വേഷണം തുടരുന്നു

ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വയിൽ സുരക്ഷാസേന വധിച്ചത് പുതിയ ഭീകര സംഘടനയിലെ ഭീകരരെയെന്ന് സംശയം. ഭീകരരെ തിരിച്ചറിയുന്ന വിവരങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. കത്വയിൽ തുടരുന്ന ഏറ്റുമുട്ടലിൽ ഇതുവരെ മൂന്ന് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ഇവരെ വിശദമായ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും തിരിച്ചറിയുന്ന വിവരങ്ങൾ ഒന്നും സുരക്ഷാ സേനയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇവർ അതിർത്തി കടന്നാണ് കത്വയിലെത്തിയത് എന്നാണ് കരുതുന്നത്. ദേശീയപാത മറികടന്ന് എത്തിയ ഇവർ ഉധംപൂരോ ദോഡയോ വഴി കത്വയിലെ ഘാട്ടി മേഖലയിലേക്ക് പോകാൻ ശ്രമിച്ചതാകാമെന്നാണ് വിലയിരുത്തൽ.

കത്വയിൽ കഴിഞ്ഞ അഞ്ച് ദിവസമായി പരിശോധന തുടരുകയാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ നിരവധി ആയുധങ്ങൾ സുരക്ഷാ സേന കണ്ടെത്തിയിട്ടുണ്ട്. പ്രദേശവാസികളായ ഗണേഷും ഭാര്യ ജ്യോതിയുമാണ് അതിർത്തി കടന്ന് എത്തിയ ഭീകര സംഘത്തെ ആദ്യം കണ്ടത്. 12 അംഗ സംഘമായിരുന്നു ആയുധങ്ങളുമായി എത്തിയത്. ഉടൻ തന്നെ വിവരം സുരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കത്വയിൽ എത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ സുരക്ഷാ സേന കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപത്തെ കാടിനുള്ളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഭീകരർക്ക് സഹായം നൽകുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് സംശയിക്കുന്നത്.

Related Articles

Latest Articles