സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്, യുവാവിന്റെ നഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം തള്ളി നടി രേവതി. തനിക്ക് അത്തരം ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ വിഷയത്തിൽ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും അവർ ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.
‘രഞ്ജിത്തിനെയും എന്നെയും കുറിച്ച് മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്കറിയാം. ഇപ്പോൾ ആരോപിക്കപ്പെടുന്ന ഫോട്ടോകൾ എനിക്ക് ലഭിച്ചിട്ടില്ല, അതിനാൽ ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ല’ രേവതി പറഞ്ഞു.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് രഞ്ജിത്ത് തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതി.
ഹോട്ടൽ മുറിയിൽവെച്ച് തന്നെ രഞ്ജിത്ത് പീഡിപ്പിച്ചെന്നും തന്റെ ചിത്രങ്ങള്‍ രേവതിക്ക് അയച്ചെന്നുമായിരുന്നു യുവാവിന്‍റെ ആരോപണം.
“2012-ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് താൻ പ്ലസ് ടു വിദ്യാർഥിയായിരുന്നു. പിന്നീട് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത്, മദ്യം നൽകി ക്രൂരമായി പീഡിപ്പിച്ചു. നഗ്ന ചിത്രം പകർത്തി പലർക്കും അയച്ചു കൊടുത്തു. രേവതിക്കാണ് താൻ ചിത്രം അയച്ചത്. അവർക്ക് ഇത് ഇഷടപ്പെടുമെന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു.”- യുവാവ് പറഞ്ഞു.
യുവാവിന്റെ പരാതിയിൽ രഞ്ജിത്തിനെതിരെ കോഴിക്കോട് കസബ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘത്തിലെ ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കോഴിക്കോട് കാരപ്പറമ്പിൽ എത്തി യുവാവിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു.

