നെടുമങ്ങാട്: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് യൂട്യൂബ് വ്ലോഗറിന്റെ കാർ അടിച്ച് തകർത്തതായി പരാതി. നെടുമങ്ങാട് സ്വദേശി കാർത്തിക് മണിക്കുട്ടന്റെ കാറാണ് അക്രമികൾ അടിച്ച് തകർത്തത്. കാറിലുണ്ടായിരുന്ന രണ്ടര ലക്ഷം രൂപ വില വരുന്ന കാമറ കവർന്നതായും പരാതിയിൽ പറയുന്നു.
ശനിയാഴ്ച രാത്രി 12-ന് ആണ് സംഭവം. ബൈക്കിൽ എത്തിയ മൂന്നംഗ സംഘം ആണ് കാർ അടിച്ച് തകർത്തത്. അക്രമികൾ കാറിന്റെ ഗ്ലാസുകൾ തല്ലി തകർക്കുകയും, കാറിന് അകത്ത് സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ വിലയുള്ള കാമറ എടുത്തു കൊണ്ട് പോകുകയുമായിരുന്നു. പട്ടാളം ഷിബു എന്ന് വിളിപ്പേരുള്ള മനോജ് എന്ന ആൾ മദ്യപിക്കാൻ ഫോൺ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും രാത്രി ഇതു പോലെ പണം ആവശ്യപ്പെട്ട് വിളിക്കുകയും പണം നൽകാത്തതിനാൽ കാർത്തിക്കിന്റെ അമ്മയെയും സഹോദരിയെയും അസഭ്യം പറയുകയും ചെയ്തിരുന്നു.
തുടർന്ന്, രാത്രി 12-ന് നമ്പർ പ്ലേറ്റ് മറച്ച് ബൈക്കിൽ എത്തിയ സംഘം കാർത്തിക്കിന്റെ വീട്ടുവളപ്പിൽ കിടന്ന കാർ അടിച്ച് തകർക്കുകയായിരുന്നു. കാർത്തികിന്റെ പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

