ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഡി.എക്സ്.ബി.) പാസ്‌പോർട്ടോ ബോർഡിങ് പാസ്സോ ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന അത്യാധുനിക എ.ഐ. സാങ്കേതികവിദ്യ അവതരിപ്പിച്ചു. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടികൾ അതിവേഗത്തിലാക്കുന്ന ഈ സംവിധാനം യാത്രക്കാരുടെ യാത്രാനുഭവം കൂടുതൽ സുഗമമാക്കും.
ദുബായുടെ ട്രാവൽ വിത്തൗട്ട് ബോർഡേഴ്സ്’ പദ്ധതിയുടെ ഭാഗമായ ഈ എ.ഐ. സംവിധാനം യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് മുഖം തിരിച്ചറിഞ്ഞ് വെറും 14 സെക്കൻഡിനുള്ളിൽ യാത്രാരേഖകൾ ശരിയാണോയെന്ന് ഉറപ്പുവരുത്തുന്നു. ഒരു സമയം 10 യാത്രക്കാരെ വരെ ഇതിലൂടെ കടത്തിവിടാൻ സാധിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു.
ഈ സംവിധാനം യാത്രക്കാർക്ക് പാസ്‌പോർട്ട് കൗണ്ടറുകളിലോ സ്മാർട്ട് ഗേറ്റുകളിലോ കാത്തുനിൽക്കേണ്ട ആവശ്യം ഇല്ലാതാക്കുന്നു. സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട്, എന്തെങ്കിലും അപാകതകൾ ശ്രദ്ധയിൽപ്പെട്ടാൽ അവ വിദഗ്ദ്ധരുടെ പരിശോധനക്കായി മാറ്റിവയ്ക്കും.
2020-ൽ അവതരിപ്പിച്ച ‘സ്മാർട്ട് ടണൽ’ സാങ്കേതികവിദ്യയുടെ വിപുലീകരിച്ച രൂപമാണ് ഈ എ.ഐ. കോറിഡോർ. ‘അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ’ പദ്ധതിയുടെ ഭാഗമായി ഭാവിയിൽ പരമ്പരാഗത പാസ്‌പോർട്ട് നിയന്ത്രണ സംവിധാനങ്ങളെ പൂർണ്ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ലെഫ്റ്റനന്റ് ജനറൽ അൽ മർറി പറഞ്ഞു.
കഴിഞ്ഞ 11 വർഷമായി അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള ഡി.എക്സ്.ബി.യുടെ ഈ നീക്കം വ്യോമയാന സാങ്കേതികവിദ്യയിൽ ദുബായ് മുൻപന്തിയിലാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നു. പേപ്പർ രഹിതവും അതിവേഗത്തിലുള്ളതുമായ യാത്രയുടെ ഭാവിക്ക് ഈ എ.ഐ. കോറിഡോർ വഴികാട്ടിയായേക്കാം. ആദ്യഘട്ടത്തിൽ ടെർമിനൽ 3-ലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ലോഞ്ചുകളിലാണ് ഈ സേവനം ലഭ്യമാക്കിയത്. വരും വർഷങ്ങളിൽ ഇത് മറ്റ് ടെർമിനലുകളിലേക്കും വ്യാപിപ്പിക്കും.

