മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് കരിങ്കൊടി കാണിച്ച കെ സ് യു പ്രവർത്തകനെ കേരള പോലീസ് കൈകാര്യം ചെയ്യുന്ന രീതിയാണ് നമ്മൾ ഇപ്പോൾ കണ്ടത്. കെ എസ് യു പ്രവർത്തകൻ ജോയൽ ആന്റണിയെയാണ് DCP KE ബൈജു കഴുത്തിന് പിടിച്ചു നീക്കം ചെയ്യുന്നത്. നവകേരള സദസിന്റെ ഭാഗമായി കോഴിക്കോട് ട്രിപ്പന്റയിൽ നടത്തിയ വാർത്താ സമ്മേളനത്തിനുശേഷം കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് നേരെയാണ് ജോയൽ ആന്റണി കരിങ്കൊടി കാണിച്ചത്. ഈ വാർത്ത ശ്രദ്ധേയമായി മാറുന്നതിന് പിന്നാലെ നിരവധി ചോദ്യങ്ങളാണ് ഉയർന്നു വരുന്നത്. ഇതാണോ പിണറായി വിജയൻ പറഞ്ഞ രക്ഷ പ്രവർത്തനം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന ചോദ്യം. എന്തെന്നാൽ, കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ചതിന്, ഡി വൈ എഫ് ഐ പ്രവർത്തകർ അതിക്രൂരമായി അവരെ മർദിച്ചത്. എന്നാൽ, അത് ഡി വൈ എഫ് ഐ നടത്തിയ രക്ഷ പ്രവർത്തനം എന്നായിരുന്നു പിണറായി വിജയൻറെ പ്രതികരണം. അതിനാൽ തന്നെ ഇത് കേരള പോലീസിന്റെ രക്ഷ പ്രവർത്തനമാണോ എന്ന് പിണറായി വിജയൻ വ്യക്തമാക്കേണ്ടതുണ്ട്. കാരണം, പിടിച്ചുമാറ്റാനെന്ന പേരിൽ DCP KE ബൈജു കെ എസ് യു പ്രവർത്തകൻ ജോയൽ ആന്റണിയുടെ കഴുത്തിൽ പിടിച്ച് ഞെരുക്കുന്നത് വ്യക്തമാണ്. കൂടാതെ, മറ്റ് കെ എസ് യു പ്രവർത്തകർ കഴുത്തിൽ നിന്ന് വിടാൻ ഡി സി പിയോട് പറയുന്നുണ്ടെങ്കിലും അത് കേട്ട ഭാവം പോലും അയാൾ നടിക്കുന്നില്ല. അതിനാൽ തന്നെ, ഇതാണോ പിണറായി വിജയൻ പറയുന്ന രക്ഷ പ്രവർത്തനം എന്നാണ് സോഷ്യൽ മീഡിയയിലടക്കം ഉയരുന്ന ചോദ്യം.
കൂടാതെ, ഇന്ത്യയ്ക്ക് പുറത്ത് ഇത്തരത്തിലൊരു വാർത്ത വന്നാൽ ചർച്ചയാക്കുന്ന കേരളത്തിലെ ഒരു മുഖ്യ ധാര മാധ്യമങ്ങളും, ഇത് ചർച്ചയാകുന്നത് കണ്ടിട്ടുമില്ല. അടുത്ത ഭൂഖണ്ഡത്തിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ മിനിപോളീസിൽ കണ്ട് കരഞ്ഞു, ഫാസിസം എന്ന് അലറി വിളിച്ച പുരോഗമന ബുദ്ധിജീവികൾ ആരും, കേരളത്തിലെ എരഞ്ഞിപ്പാലത്തു നിന്നുള്ള ഈ ദൃശ്യം കണ്ടിട്ടേയില്ല. ബൂർഷ്വാസിയായ ട്രംപിന്റെ വെള്ളക്കാരൻ പോലീസിനെ കണ്ടു മാനവികതയെ കുറിച്ച് ഫുൾ പേജ് ഉപന്യാസം രചിച്ച ഒരുത്തനും, തൊഴിലാളിവർഗ്ഗത്തിന്റെ അപ്പോസ്തലനാണെന്ന് അണികൾ തള്ളിമറിക്കുന്ന, വിപ്ലവപ്രസ്ഥാനത്തിന്റെ ഇരട്ടച്ചങ്കുള്ള മുഖ്യന്റെ കീഴിലുള്ള, ഈ കാക്കിയെ കണ്ടതേയില്ല. ഐ കാന്റ് ബ്രീത്ത് എന്ന് തറയിൽ കിടന്നു കൊണ്ട് ജോർജ്ജ് ഫ്ലോയ്ഡ് വിളിച്ചുപ്പറയുന്നത് കേട്ട് ഉള്ളൂലഞ്ഞു കരഞ്ഞ, ട്രമ്പിനെ അറഞ്ചം പുറഞ്ചം തെറി വിളിച്ച ഒരു പൊളിറ്റിക്കൽ കറക്ട്നെസ്സ് പുകയൂതികളും, എനിക്ക് ശ്വാസം മുട്ടുന്നേ, കഴുത്തീന്ന് വിട് സാറേ എന്ന് ജോയൽ ആന്റണിയുടെ പച്ച മലയാളത്തിലുള്ള വിലാപം കേട്ടതേയില്ല. അല്ലെങ്കിലും ജോർജ് ഫ്ലോയിഡിനു വേണ്ടി ദിവസങ്ങളോളം പതംപറഞ്ഞു കരഞ്ഞ ഒരുത്തനും ഒരുത്തിയും, ജോയൽ ആന്റണിയെ കാണില്ല. കാൽമുട്ടുകൊണ്ട് ഒരു ജീവനെ നിശബ്ദനാക്കിയ വെള്ളക്കാരനായ പോലീസുകാരനെതിരെ ചൊരിഞ്ഞ ശാപവാക്കുകൾ ഒന്നും, കൈമുട്ട് കൊണ്ട് കഴുത്തു ഞെരിയിച്ചു ഒരാളെ നിശബ്ദനാക്കാൻ നോക്കിയ, ബൈജു ഏമാന് എതിരെ വരില്ല. കൂടാതെ, അടുത്ത ഭൂഖണ്ഡത്തിലെ പോലീസ് ക്രൂരത കണ്ട്, രോഷം കൊണ്ട മാനവികതവാദികളായ മനുഷ്യരൊന്നും ഈ നരനായാട്ട് കാണില്ല. അമേരിക്കക്കാരന്റെ വൈകൃതവും വർണ്ണവെറിയും ചൂണ്ടിക്കാട്ടി രോഷാകുലരായ ഒരൊറ്റ പ്രബുദ്ധനും, ഭരണകൂടം നടത്തുന്ന നരനായാട്ടും ഫാസിസവും ഒന്നും കാണില്ല. എന്തായാലും, കത്തികുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമുമൊക്കെ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ, ഒന്നാം റാങ്കുകാരാവുന്ന സംസ്ഥാനത്തിലെ പോലീസ് ഏമാന്മാരിൽ നിന്നും, ഇതിലപ്പുറമെന്ത് പ്രതീക്ഷിക്കാൻ എന്നാണ് ജനങ്ങൾ തന്നെ ചോദിക്കുന്നത്. എന്തായാലും AKG സെന്ററിലെ ക്യാപ്‌സ്യൂൾ പാചകപ്പുരയിൽ നിന്നും, ഇത് കഴുത്തിൽ അമർത്തി ശ്വാസം മുട്ടിക്കൽ അല്ല മറിച്ച്, സമരാവേശത്തിൽ ശ്വാസം കിട്ടാതെ ഇരുന്ന KSU നേതാവിന്, DCP ബൈജു സാർ കൊടുത്ത ജീവൻ രക്ഷാ സംവിധാനം ആയ സി പി ആർ ( CPR )ആണെന്ന ക്യാപ്‌സ്യൂൾ, റെഡിയായി കാണും. മോളിൽ നിന്നും പ്രജാപതിയുടെ ഓർഡർ വന്നാൽ ഉടൻ ആ ക്യാപ്‌സ്യൂൾ വിപണിയിൽ ഇറങ്ങുന്നതുമായിരിക്കും.

