കൊല്ലം: കോഴിക്കറിക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ഹോട്ടലിൽ സംഘർഷം. മൂന്നു പേർക്ക് കുത്തേറ്റു. ഒപ്പമുണ്ടായിരുന്നു മറ്റ് മൂന്നുപേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കുറ്റിയിൽ ഹോട്ടൽ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിൻ (31), മുഹമ്മദ് അസർ (29), തമിഴ്നാട് തൂത്തുക്കുടി സ്വദേശി പ്രിൻസ് (35) എന്നിവർക്കാണ് കുത്തേറ്റത്. തലയ്ക്ക് കമ്പി വടി കൊണ്ട് അടിയേറ്റ് പ്രിൻസിന്റെ മാതൃ സഹോദരൻ റോബിൻസൺ (40), സുഹൃത്ത് അംബാസമുദ്രം സ്വദേശി അരുൺ (23) ഷാഫിനിന്റെ ഡ്രൈവർ റഷീദിൻ ഇസ്ലാം എന്നിവരാണ് പരിക്കേറ്റ മറ്റു 3 പേർ.
ഇന്നലെ പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഘർഷം. വിളമ്പിയ ചിക്കൻ കറിക്ക് ഉപ്പ് കുറവാണെന്ന് പ്രിൻസ് റോബിൻസണിനോട് പറഞ്ഞു. ഇത് കേട്ട ഹോട്ടൽ ജീവനക്കാരൻ മുഹമ്മദ് ഷാഫിനെ വിളിച്ച് കൊണ്ടു വരികയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. തർക്കത്തിനിടെ ഷഫീൻ റോബിൻസണിനെ മർദ്ദിച്ചു. മർദ്ദനമേറ്റ മൂവരും ഹോട്ടൽ വിട്ടു പോയി.
ഉടൻ അരുണിനെയും കൂട്ടി തിരിച്ചു വന്ന് ഹോട്ടൽ ജീവനക്കാരുമായി അടിപിടി ഉണ്ടാവുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. പ്രിൻസ്, റോബിൻസൺ എന്നിവർ ചേർന്ന് ഹോട്ടൽ ഉടമകളെ വയറ്റിൽ കുത്തുകയായിരുന്നു. പ്രതികൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഹോട്ടൽ അധികൃതർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.

