രാജ്യത്തെ ഞെട്ടിച്ച നോയിഡ സ്ത്രീധനക്കൊലക്കേസിൽ നിർണായക വഴിത്തിരിവ്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തനിക്ക് പൊള്ളലേറ്റതെന്ന് കൊല്ലപ്പെട്ട യുവതി നിക്കി, ഡോക്ടർക്ക് മൊഴി നൽകിയതായി പോലീസ് . സ്ത്രീധന പീഡനത്തിനൊടുവിൽ ഭർത്താവും വീട്ടുകാരും ചേർന്ന് തീ കൊളുത്തി കൊലപ്പെടുത്തിയെന്ന നിക്കിയുടെ സഹോദരി കാഞ്ചൻ ഉന്നയിച്ച ആരോപണത്തിന് വിപരീതമാണ് ഈ മൊഴി. ഒന്നിലധികം വീഡിയോകളും പരസ്പരവിരുദ്ധമായ വിവരങ്ങളും പുറത്തുവന്നതോടെ കേസ് കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. നിലവിൽ ഭർത്താവ് വിപിൻ, മാതാപിതാക്കളായ ദയ, സത്വീർ, സഹോദരൻ രോഹിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവം നടക്കുന്ന സമയത്ത് ഭർത്താവ് വിപിൻ വീടിന് പുറത്തുണ്ടായിരുന്നതായി സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ, ഭർത്താവാണ് തന്നെ തീ കൊളുത്തിയതെന്ന് നിക്കി പറഞ്ഞതായി അവളുടെ സഹോദരി കാഞ്ചൻ ഉറപ്പിച്ചു പറയുന്നു. കാഞ്ചൻ റെക്കോർഡ് ചെയ്തതെന്നു കരുതുന്ന ഒരു വീഡിയോയിൽ, “നീ എന്താണ് ഈ ചെയ്തത്?” എന്ന് ചോദിക്കുന്ന ഒരു സ്ത്രീയുടെ ശബ്ദം കേൾക്കാം. ഈ ശബ്ദം കാഞ്ചന്റേതാണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
പുറത്തുവന്ന മറ്റൊരു വീഡിയോയിൽ, ഒരു വഴക്കിനിടെ നിക്കിയുടെ ഭർതൃമാതാവ് മകനെയും മരുമകളെയും പിടിച്ചുമാറ്റുന്നതും മകനെ അടിക്കുന്നതും കാണാം. ഈ ദൃശ്യങ്ങൾ എപ്പോൾ ചിത്രീകരിച്ചതാണെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
നിക്കിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തുന്നതിന് മുമ്പുതന്നെ, മരണത്തിന്റെ പിറ്റേന്ന് പുലർച്ചെ സംസ്കരിച്ചു. നിക്കിയുടെ കുടുംബം ഔദ്യോഗികമായി പരാതി നൽകുന്നതിന് മുമ്പായിരുന്നു ഈ നടപടി. വീടിന് പുറത്തുള്ള ദൃശ്യങ്ങളാണ് വിപിന്റെ കുടുംബം പ്രചരിപ്പിക്കുന്നതെന്നും, സംഭവദിവസം വീടിനകത്ത് എന്താണ് സംഭവിച്ചതെന്ന് പുറത്തുവിട്ടിട്ടില്ലെന്നും നിക്കിയുടെ കുടുംബം ആരോപിച്ചു.
കേസിലെ എല്ലാ മൊഴികളും വീഡിയോ ദൃശ്യങ്ങളും പോലീസ് സൂക്ഷ്മമായി പരിശോധിക്കുമെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. മൊഴികളിലെ വൈരുദ്ധ്യം പരിഹരിക്കാൻ കാഞ്ചനെ വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

