ദില്ലി : 2024ൽ മാത്രമല്ല 2029ലും നരേന്ദ്രമോദി തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം പൂർത്തിയായതിന് ശേഷവും നടന്ന സർവേകളിൽ ബിജെപിക്കാണ് ഭൂരിപക്ഷം പ്രവചിക്കുന്നത്. ഇത് യാഥാർത്ഥ്യമാകാൻ പോകുന്ന കാര്യമാണെന്നും രാജ്‌നാഥ് സിംഗ് പറയുന്നു.
ജനങ്ങളുടെ 100 ശതമാനം പ്രതീക്ഷകളും നിറവേറ്റുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നതിൽ തർക്കമില്ല. എന്നാൽ വാഗ്ദാനം നൽകിയ കാര്യങ്ങളെല്ലാം ബിജെപി പൂർത്തിയാക്കിയിട്ടുണ്ട്. 1950 മുതലുള്ള പാർട്ടി പ്രകടനപത്രിക നോക്കിയാൽ ഇത് മനസിലാകുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഞങ്ങൾക്ക് എന്നൊക്കെ ഭൂരിപക്ഷം ലഭിച്ചോ, അന്നെല്ലാം വാഗ്ദാനങ്ങൾ പാലിക്കുകയും അവ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ആഗോളതലത്തിൽ ഇന്ന് ഭാരതത്തിന് ലഭിക്കുന്ന സ്ഥാനം ചെറുതല്ല. സർക്കാരിന്റെ പ്രവർത്തനരീതി കണ്ടുകൊണ്ടാണ് ആളുകൾ ബിജെപിയിൽ വിശ്വാസം അർപ്പിക്കുന്നതെന്നും പ്രതിരോധമന്ത്രി പറയുന്നു.
അതേസമയം, പ്രതിപക്ഷം ഇപ്പോൾ തന്നെ അവരുടെ പരാജയം അംഗീകരിച്ച് കഴിഞ്ഞിരിക്കുകയാണ്. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് അവർക്ക് അറിയാം. ഇപ്പോൾ മാത്രമല്ല, 2029 അദ്ദേഹം തന്നെ ഈ രാജ്യത്തെ നയിക്കും. നരേന്ദ്രമോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യ വികസിത രാഷ്‌ട്രമായി മാറുമെന്നും അദ്ദേഹം തന്നെ പ്രധാനമന്ത്രിയായി വരണമെന്ന് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറയുന്നു.

