Friday, December 19, 2025

ഒന്നും കഴിഞ്ഞിട്ടില്ല രാമാ..ഹമാസിനെ വീണ്ടും ഞെട്ടിച്ച് ഇസ്രയേലിന്റെ വ്യോമാക്രമണം! ഹമാസിൻ്റെ സൈനിക വിഭാഗമായ ഇസ് എ-ദിൻ അൽ-ഖസ്സാം ബ്രിഗേഡിൻ്റെ ഉന്നതൻ കൊല്ലപ്പെട്ടു

തങ്ങളുടെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽ നിന്ന് മുക്തരാകുന്നതിന് മുന്നേ ഹമാസിന് ഇസ്രയേൽ വക അടുത്ത തിരിച്ചടി.ഹമാസിൻ്റെ സൈനിക വിഭാഗമായ ഇസ് എ-ദിൻ അൽ-ഖസ്സാം ബ്രിഗേഡിൻ്റെ പ്രാദേശിക നേതാവ് ഹെയ്തം ബലിദി ഇന്ന് രാവിലെ തുൽക്കറെം നഗരത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഹമാസ് റേഡിയോയെ ഉദ്ധരിച്ച് പ്രമുഖ ഇസ്രായേൽ വാർത്താ ഏജൻസിയായ Ynet റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ബലിദയെ കൂടാതെ 4 ഭീകരർ കൂടി പേർ കൊല്ലപ്പെട്ടതായി പലസ്തീൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ഹനിയ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു . ടെലിഗ്രാമിലൂടെ ഇറാനിയൻ ഉദ്യോഗസ്ഥർ കൈമാറ്റം ചെയ്തതെന്ന് കരുതുന്ന ഫോട്ടോ അന്താരാഷ്ട്ര മാദ്ധ്യമമായ ന്യൂയോർക്ക് ടൈംസാണ് പുറത്തു വിട്ടത്. വടക്കൻ ടെഹ്‌റാനിലെ ഈ കെട്ടിടത്തിൽ നടന്ന ആക്രമണത്തിലാണ് ബുധനാഴ്ച രാവിലെ ഹനിയ കൊല്ലപ്പെടുന്നത്. കനത്ത സുരക്ഷയുള്ള സമുച്ചയത്തിൽ ഒളിപ്പിച്ച് കടത്തിയ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് ഹനിയ്യയെ കൊലപ്പെടുത്തിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഏകദേശം രണ്ട് മാസം മുമ്പ് തന്നെ സ്‌ഫോടക വസ്തുക്കൾ കെട്ടിടത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിലുണ്ട്.

ഇറാൻ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ആണ് കെട്ടിടത്തിന് സുരക്ഷ ഒരുക്കിയിരുന്നത്. വടക്കൻ ടെഹ്‌റാനിലെ ഏറ്റവും വലിയ സുരക്ഷാമേഖലയിലാണ് നെഷാത്ത് എന്നറിയപ്പെടുന്ന ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഹനിയ മുറിക്കുള്ളിലാണെന്ന് സ്ഥിരീകരിച്ചതോടെ റിമോട്ട് ഉപയോഗിച്ച് അക്രമികൾ സ്‌ഫോടക വസ്തു പൊട്ടിക്കുകയായിരുന്നുവെന്നാണ് വിവരം.
സ്ഫോടനത്തിൽ കെട്ടിടം കുലുങ്ങുകയും ചില ജനാലകൾ തകരുകയും ഒരു പുറം ഭിത്തി ഭാഗികമായി തകരുകയും ചെയ്തുവെന്ന് രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. ന്യൂയോർക്ക് ടൈംസുമായി പങ്കിട്ട കെട്ടിടത്തിൻ്റെ ഫോട്ടോയിലും അത്തരം നാശനഷ്ടങ്ങൾ പ്രകടമായിരുന്നു.

ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് ചൊവ്വാഴ്ച ഹനിയ ടെഹ്‌റാനിലെത്തിയത്.ചടങ്ങിന് മുൻപ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഹനിയ്യയുടെ അംഗരക്ഷകനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇതിനോടകം സംശയം ഉയർന്നിട്ടുണ്ടെങ്കിലും ഇസ്രയേൽ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഹനിയയുടെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടിരുന്നു.1987ൽ ഹമാസിന്‍റെ ഭാഗമായ ഹനിയയെ 89ൽ ഇസ്രയേൽ ജയിലിലടച്ചിരുന്നു. മൂന്ന് വർഷത്തിന് ശേഷമാണ് മോചിപ്പിച്ചത്. പിന്നീട് 92ൽ ലബനനിലേക്ക് നാടുകടത്തപ്പെട്ടു. ഒരു വർഷം കഴിഞ്ഞ് പലസ്തീനിൽ തിരിച്ചെത്തി. 2006ൽ ഹനിയ്യ പലസ്തീൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017ലാണ് ഹനിയ്യ ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവനായി ചുമതലയേറ്റത്. 62കാരനായ ഹനിയ്യ 2023 മുതൽ ഖത്തറിലായിരുന്നു താമസം.

Related Articles

Latest Articles