അങ്കോല: കർണ്ണാടക അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാദൗത്യത്തിന് വേഗം കൂടുന്നു. . അര്‍ജുനെ കണ്ടെത്താനുള്ള നടപടികള്‍ക്കായി സൈന്യം ഷിരൂരിലെത്തി. മേജർ അഭിഷേകിന്‍റെ നേതൃത്വത്തിലുള്ള 40 അംഗ സെെന്യമാണ് ഷിരൂരിലെത്തിയത്. ബെലഗാവിയിൽ നിന്നും പുറപ്പെട്ട ആര്‍മി സംഘമാണ് സ്ഥലത്തെത്തിയത്.
ഉച്ചയോടെ രക്ഷാദൗത്യത്തിനായി സൈന്യമെത്തുമെന്നാണ് വിവരം ലഭിച്ചിരുന്നത് . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർണ്ണായക ഇടപെടലിലാണ് രക്ഷാദൗത്യത്തിനായി സൈന്യമെത്തിയത് . കൂടാതെ, രക്ഷാദൗത്യത്തിന് ഐ എസ് ആർ ഒ യും രംഗത്തിറങ്ങുമെന്ന് സുരേഷ്‌ഗോപി അറിയിച്ചു. ഐ എസ് ആർ ഒ യുടെ പ്രത്യേക സംഘം ഉടൻ സ്ഥലത്തെത്തും. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം കഴിഞ്ഞ ദിവസം റഡാറില്‍ പതിഞ്ഞിരുന്നു. രക്ഷാദൗത്യം ആറാം ദിവസത്തിലേക്ക് എത്തി നിൽക്കുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യത്തെ തടസപ്പെടുത്തുന്നുണ്ട്.

