തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിനെതിരെ പ്രത്യക്ഷ സമരവുമായി എൻ എസ് എസ്. സ്പീക്കറായാലും മതസ്പർദ്ധയുണ്ടാക്കുന്ന പരാമർശം നടത്തിയാൽ ന്യായീകരിക്കാനാകില്ലെന്നും ഷംസീർ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നും സംഘടന ആവശ്യപ്പെട്ടു. ആഗസ്റ്റ് 2 വിശ്വാസസംരക്ഷണ ദിനമായി ആചരിക്കാനും കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. താലൂക്ക് യൂണിയൻ പ്രസിഡന്റുമാർക്കയച്ച സർക്കുലറിലാണ് ഈ വിവരങ്ങളുള്ളത്. ഹിന്ദുക്കളുടെ ആരാധനാ മൂർത്തിയായ ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ടുള്ള കേരളാ നിയമസഭാ സ്പീക്കറുടെ പ്രസ്താവന ഏറെ വേദനിപ്പിച്ചുവെന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് ഇത് ഉൾക്കൊള്ളാനാകില്ലെന്നും സ്പീക്കർ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നും സംഘടന നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഓഗസ്റ്റ് 02 ന് വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി എല്ലാ സംഘടനാംഗങ്ങളും അടുത്തുള്ള ഗണപതി ക്ഷേത്രം സന്ദർശിച്ച് വഴിപാടുകളും പ്രാർത്ഥനകളും നടത്താനാണ് സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാലിതിൻറെ പേരിൽ മതവിദ്വേഷം ജനിപ്പിക്കുന്ന നടപടികളൊന്നും പാടില്ലെന്നും സർക്കുലർ നിർദ്ദേശിക്കുന്നു. സ്പീക്കർ മാപ്പുപറയണമെന്ന് എൻ എസ് എസ് ആവശ്യപ്പെട്ടതിന് ശേഷം സ്പീക്കർ പറഞ്ഞത് ശാസ്ത്രമാണെന്നും പ്രസ്താവനയിൽ മാപ്പുപറയേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രത്യക്ഷ സമരങ്ങൾക്കെന്ന സൂചന നൽകിക്കൊണ്ട് എൻ എസ് എസ് നേതൃത്വം കീഴ്ഘടകങ്ങൾക്ക് സർക്കുലറയച്ചത്. സ്‌പീക്കറുടെ പ്രസ്‌താവനയെ ബന്ധപ്പെട്ടവർ നിസ്സാരവൽക്കരിക്കുകയാണെന്ന് എൻ എസ് എസ് ആരോപിക്കുന്നു. അതേസമയം ഷംസീറിനെതിരെ കൂടുതൽ ഹിന്ദു സംഘടനകൾ രംഗത്തുവന്നു. ധീവരസഭയും സമാനമായ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

