ഗുരുഗ്രാം: ഹരിയാന മുൻ മുഖ്യമന്ത്രിയും ഐ എൻ എൽ ഡി നേതാവുമായിരുന്ന ഓം പ്രകാശ ചൗട്ടാല അന്തരിച്ചു. 89 വയസായിരുന്നു. അഞ്ചുതവണ മുഖ്യമന്ത്രിയായ നേതാവാണ് ചൗട്ടാല. ഗുരുഗ്രമിലെ വസതിയിൽ വച്ച് ഹൃദയ സ്‌തംഭനം ഉണ്ടാകുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മുൻ ഉപപ്രധാനമന്ത്രി ദേവി ലാലിനെ മകനാണ് ഓംപ്രകാശ് ചൗട്ടാല. ഹരിയാനയുടെ രാഷ്ട്രീയ മുഖമായിരുന്നു നേതാവായിരുന്ന ഓം പ്രകാശിനെ അടുത്തകാലത്ത് ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. അഞ്ചുമക്കളുണ്ട് ഭാര്യ സ്നേഹലത അഞ്ചുവർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇന്ത്യൻ നാഷണൽ ലോക് ദൾ അദ്ധ്യക്ഷനായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സെയ്‌നി തുടങ്ങിയ നിരവധി നേതാക്കൾ അനുശോചനം അറിയിച്ചു. മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയ, ഹരിയാന രാഷ്ട്രീയത്തിൽ ഏറെക്കാലങ്ങളായി സജീവമായിരുന്ന നേതാവായിരുന്നു ഓംപ്രകാശ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിച്ചു. സമൂഹത്തെ ജീവിതകാലം മുഴുവൻ നിസ്വാർത്ഥമായി സേവിച്ച വ്യക്തിത്വമായിരുന്നു ഓംപ്രകാശ് ചൗട്ടാലയെന്നും അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും ഹരിയാന സംസ്ഥാനത്തിനും കനത്ത നഷ്ടമെന്നും മുഖ്യമന്ത്രി നായബ് സിംഗ് സെയ്നിയും അനുശോചന സന്ദേശത്തിൽ കുറിച്ചു.

