ദില്ലി : ജൂൺ നാലിന് രാജ്യത്ത് വലിയ മാറ്റമൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് പതിവുപോലെ വാർത്താസമ്മേളനം വിളിക്കും. ശേഷം ഇവിഎമ്മിനെ കുറ്റപ്പെടുത്തും. കൂടാതെ, പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ജോലി തെറിക്കും എന്നതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടെന്ന് അമിത് ഷാ പറയുന്നു. ഉത്തർപ്രദേശിലെ കുശിനഗറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷായുടെ പരിഹാസം.
കോൺഗ്രസിന് എത്ര വലിയ പതനം നേരിട്ടാലും രാഹുൽ ഗാന്ധിയെയോ പ്രിയങ്ക ഗാന്ധിയെയോ ആരും കുറ്റപ്പെടുത്തുമെന്ന് പ്രതീക്ഷിക്കേണ്ട. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് ഇത്തവണ 40 സീറ്റുകൾ പോലും നേടാൻ കഴിയുമെന്ന് തോന്നുന്നില്ല. അതിനേക്കാൾ കഷ്ടമായിരിക്കും അഖിലേഷിന്റെ സമാജ് വാദി പാർട്ടിയുടെ അവസ്ഥയെന്നും അഖിലേഷ് യാദവിന് നാലു സീറ്റുകൾ പോലും ലഭിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം, വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച രാഹുലിനും അഖിലേഷിനും കിഴക്കൻ ഉത്തർപ്രദേശിൽ അടക്കമുള്ള ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അറിയില്ല. ഇന്ത്യയിലെ കാലാവസ്ഥ പോലും സഹിക്കാൻ കഴിയാത്തത് കൊണ്ടാണെന്ന് തോന്നുന്നു രാഹുൽ ആറുമാസം കൂടുമ്പോൾ തായ്‌ലൻഡിൽ അവധിക്ക് പോകുന്നത്. തന്റെ പ്രവർത്തന കാലയളവിൽ ഒരു അവധി പോലും എടുക്കാത്ത പ്രധാനമന്ത്രി മോദിയെ പോലെ ആകാൻ ഒരുകാലത്തും രാഹുൽഗാന്ധിക്ക് കഴിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

