Sunday, December 21, 2025

എസ്എഫ്ഐ വനിത നേതാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ;പിടിയിലായത് പോളിടെക്നിക്ക് കോളേജിലെ ‘ട്രാബിയോക്ക്’ ഗ്രൂപ്പ് അംഗം

കല്‍പ്പറ്റ:മേപ്പാടി പോളിടെക്നിക്ക് കോളേജിലെ എസ്എഫ്ഐ വനിത നേതാവിനെ ആക്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ.മൂന്നാം വർഷ വിദ്യാർത്ഥിയായ കോഴിക്കോട് സ്വദേശി ആദർശാണ് പിടിയിലായത്.
മേപ്പാടി കോളേജിൽ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ‘ട്രാബിയോക്ക്’ എന്ന കൂട്ടായ്മയിലെ അംഗമാണ് അറസ്റ്റിലായ ആദർശ്.

പിടയിലായ പ്രതിക്ക് കോളേജിൽ രാഷ്ട്രീയമുണ്ടായിരുന്നില്ല. എസ്എഫ്ഐ വനിതാ നേതാവ് അപർണ ഗൗരിയെ ആക്രമിച്ച സംഭവത്തിൽ നേരത്തെ ആറ് പേരാണ് അറസ്റ്റിലായത്. ഇതിൽ കോളേജ് യൂണിയൻ അംഗവും കെഎസ്‍യു പ്രവർത്തകനുമായ മുഹമ്മദ് ഫർഹാന് മാത്രമാണ് വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നത്. റിമാൻഡിലായ അലൻ ആന്‍റണി, കിരൺ രാജ്, അതുൽ കെ.ടി, മുഹമ്മദ് ഷിബിലി എന്നിവർ മുൻ എസ്എഫ്ഐ പ്രവർത്തകരാണെന്നാണ് പോലീസ് നൽകുന്ന സൂചന. ലഹരിമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയ രണ്ട് വിദ്യാർത്ഥികളെയാണ് കോളേജ് സസ്പെന്‍റ് ചെയ്തത്.

എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറി വിഷ്ണു, അഭിനവ് എന്നിവരാണ് നടപടി നേരിട്ടത്. മേപ്പാടി പോലീസ് അന്തിമ റിപ്പോർട്ട് നൽകിയാൽ സംഘർഷത്തിൽ കുറ്റക്കാരായ വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താകാനാണ് തീരുമാനം. ക്യാന്പസിലെ ട്രാബിയോക്ക് എന്ന സംഘത്തെ കുറിച്ചുള്ള നർക്കോട്ടിക് സെൽ അന്വേഷണം പ്രതികളിലേക്ക് എത്തിയില്ല.

ലഹരി ഉപയോഗിക്കുന്ന വീഡിയോ മാത്രം തെളിവായി കണ്ട് കേസെടുക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. കോളേജിലെ ലഹരി ഉപയോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ റിമാൻഡിലായ പ്രതികളെ ചോദ്യം ചെയ്യേണ്ടി വരും. മേപ്പാടി മേഖലയിൽ റിസോർട്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Latest Articles