ജമ്മു കശ്മീർ : ഭക്തരുടെ പണം ഉപയോഗിച്ച് നിർമ്മിച്ച മാതാ വൈഷ്ണോദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിൽ ഭൂരിഭാഗം സീറ്റുകളിലും മുസ്‌ലിം വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയതിനെതിരെ ജമ്മു കശ്മീരിൽ ബിജെപിയും വിവിധ ഹൈന്ദവ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്ത്. 50 എംബിബിഎസ് സീറ്റുകളിൽ 42 എണ്ണവും മുസ്‌ലിം വിദ്യാർത്ഥികൾക്ക് ലഭിച്ചതിൽ ജനങ്ങൾക്കുള്ള പ്രതിഷേധം ലെഫ്റ്റനൻ്റ് ഗവർണറെ അറിയിച്ചതായി ബിജെപി വ്യക്തമാക്കി.പ്രവേശന നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പാർട്ടി ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയ്ക്ക് നിവേദനവും സമർപ്പിച്ചിട്ടുണ്ട്.
മാതാ വൈഷ്ണോദേവി ഷ്രൈൻ ബോർഡ് സ്ഥാപിക്കുകയും ഹിന്ദുക്കളുടെ സംഭാവനകൾ ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന കോളേജിൽ ഹിന്ദു വിദ്യാർത്ഥികൾക്കായി സീറ്റുകൾ നീക്കിവെക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
ജമ്മു കശ്മീർ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുനിൽ ശർമ്മയുടെ വാക്കുകൾ:
“ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രം കോളേജിൽ പ്രവേശനം ലഭിക്കുന്നത് രാജ്യത്തെ ജനങ്ങൾക്ക് അംഗീകരിക്കാനാവില്ല. മാതാ വൈഷ്ണോദേവിയിൽ വിശ്വാസമുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ മെഡിക്കൽ കോളേജിൽ പ്രവേശനം നൽകാവൂ. ജനങ്ങളുടെ വികാരവും പ്രതിഷേധവും ലെഫ്റ്റനൻ്റ് ഗവർണറെ ഞങ്ങൾ അറിയിച്ചിട്ടുണ്ട്.”-പ്രതിപക്ഷ നേതാവ് സുനിൽ ശർമ്മ പറഞ്ഞു
ഈ വർഷം ആരംഭിച്ച കോളേജിലെ 50 സീറ്റുകളിൽ 85% സീറ്റുകൾ ഡൊമിസൈൽ വിദ്യാർത്ഥികൾക്കായി (പ്രാദേശിക വിദ്യാർത്ഥികൾ) സംവരണം ചെയ്തിട്ടുണ്ട്. 50 സീറ്റുകളിൽ 42 എണ്ണത്തിലും മുസ്‌ലിം വിദ്യാർത്ഥികൾക്കാണ് പ്രവേശനം ലഭിച്ചത്. ജമ്മുവിൽ നിന്നുള്ള എട്ട് ഹിന്ദു വിദ്യാർത്ഥികൾ മാത്രമാണ് പ്രവേശനം നേടിയതെന്ന് അധികൃതർ അറിയിച്ചു.
പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലാണെന്നും, മതവിവേചനം അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഉമർ അബ്ദുള്ള വാദിച്ചിരുന്നു. എന്നാൽ, തങ്ങളുടെ പ്രതിഷേധം ഈ ന്യായീകരണങ്ങൾ തള്ളിക്കളയുന്നതായി ബിജെപി അറിയിച്ചു. പ്രവേശനം മതത്തിൻ്റെ പേരിൽ പരിമിതപ്പെടുത്തുന്നില്ലെന്ന് നിയമത്തിൽ എഴുതിയിട്ടുണ്ടോ എന്ന ഉമർ അബ്ദുള്ളയുടെ ചോദ്യം, ഭക്തരുടെ വികാരങ്ങളെ മാനിക്കാത്തതാണെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.

