ദില്ലി : ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായുള്ള കേന്ദ്ര സർക്കാറിന്റെ ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നുള്ള ആദ്യ സംഘം ദില്ലിയിലെത്തി. സൗദി അറേബ്യയിലെ ജിദ്ദയിൽനിന്ന് ദില്ലി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിമാനത്തിൽ 367 പേരാണ് ഉള്ളത്. ആദ്യ സംഘത്തിൽ 19 മലയാളികളുണ്ട്.
അതേസമയം, സുഡാനിൽ നിന്നെത്തുന്ന മലയാളികളെ സംസ്ഥാന സർക്കാരിന്റെ ചെലവിൽ കേരളത്തിൽ എത്തിക്കും. മലയാളികളുടെ താമസവും ഭക്ഷണവും കേരള ഹൗസിൽ ഏർപ്പാടാക്കുമെന്ന് കെ.വി.തോമസ് അറിയിച്ചു.
അഭിമാനവും ആഹ്ളാദവും നൽകുന്ന നിമിഷമാണിതെന്ന് ജിദ്ദയിൽ നിന്ന് സംഘത്തെ യാത്രയാക്കിയ ശേഷം കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രതികരിച്ചു. രക്ഷാദൗത്യത്തിന് എല്ലാവിധ സഹകരണങ്ങളും സൗകര്യങ്ങളും നൽകിയ സൗദി മന്ത്രാലയത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ദൗത്യത്തെ ഓരോ ഘട്ടത്തിലും പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വി.മുരളീധരൻ നന്ദി പറഞ്ഞു. നാവികസേനയുടെ ഐഎന്‍എസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സുഡാനിൽ നിന്ന് സൗദിയിലെത്തിച്ചത്. വി.മുരളീധരൻ നേതൃത്വം നൽകുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയിൽ തുടരുകയാണ്.

