ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ലിദ്‌വാസില്‍ 3 ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം.മേഖലയില്‍ രണ്ട് റൗണ്ട് വെടിയുതിര്‍ക്കപ്പെട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ ഭീകരര്‍ക്കായി പരിശോധന തുടരുകയാണെന്നും വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി. കൊല്ലപ്പെട്ടവരിൽ പഹൽഗാം ഭീകരാക്രമണത്തിലെ രണ്ട് ഭീകരരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. ഭീകരർക്കായി ശ്രീനഗറിലെ ദാര മേഖലയിൽ വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർക്കെതിരെ സംയുക്ത ഓപ്പറേഷൻ തുടങ്ങിയതായി സേന അറിയിച്ചു. ‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിക്ക് തുടക്കംകുറിച്ചതായി സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്‌സ് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി
ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപമുള്ള ഹർവാൻ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന ഹർവാനിലെ മുൾനാർ പ്രദേശത്ത് തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചിരുന്നു. പ്രദേശത്തേക്ക് കൂടുതൽ സേനയെ അയച്ചതായും ഭീകരരെ കണ്ടെത്തുന്നതിനായി കോമ്പിംഗ് പ്രവർത്തനങ്ങൾ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു. മറ്റൊരു ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരാണ് വധിക്കപ്പെട്ടതെന്ന് സേന വൃത്തങ്ങൾ അറിയിച്ചു.

