ദില്ലി : ഓപ്പറേഷന്‍ മഹാദേവിലൂടെ ഇന്ത്യൻ സൈന്യം വധിച്ച മൂന്നു ഭീകരരും പാകിസ്ഥാൻ പൗരന്മാരാണെന്ന് സ്ഥിരീകരിച്ച് സുരക്ഷാ ഏജൻസികൾ. ഭീകരരുടെ കൈവശമുണ്ടായിരുന്ന നിർണായക രേഖകളാണ് പാക് ബന്ധം തെളിയിച്ചത്. പാകിസ്ഥാന്റെ നാഷണൽ ഡേറ്റാബേസ് ആൻഡ് രജിസ്‌ട്രേഷൻ അതോറിറ്റി (NADRA) യിൽനിന്നുള്ള ബയോമെട്രിക് രേഖകൾ, ലാമിനേറ്റ് ചെയ്ത വോട്ടർ സ്ലിപ്പുകൾ, ഡിജിറ്റൽ സാറ്റലൈറ്റ് ഫോൺ ഡാറ്റ, ജിപിഎസ് വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കറെ ഭീകരന്മാരായ സുലെെമാൻ ഷാ (ഫൈസൽ ജാട്ട്), അബു ഹംസ (അഫ്ഗാൻ), യാസിർ (ജിബ്രാൻ) എന്നിവരെയാണ് ജൂലായ് 28-ന് നടന്ന സൈനിക നടപടിയിൽ സൈന്യം വധിച്ചത്.എ++ കാറ്റഗറി ഭീകരവാദിയായ സുലെമാന്‍ ആയിരുന്നു പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരനും വെടിവെപ്പിന് നേതൃത്വം നല്‍കിയതും. എ ഗ്രേഡ് കമാന്‍ഡറായ അബു ഹംസ സുലെമാന്റെ അടുത്ത അനുയായിയാണ്. മൂന്നാമനായ യാസിറും എ ഗ്രേഡ് കമാന്‍ഡറാണ്
പാകിസ്ഥാനിലെ കറാച്ചിയിൽ നിർമ്മിച്ച കാൻഡിലാൻഡ്, ചോക്കോമാക്സ് തുടങ്ങിയ ചോക്ലേറ്റുകളുടെ കവറുകളും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തി. 2024 മേയിൽ പാക് അധീന കശ്മീരിലെ മുസാഫറാബാദിലേക്ക് അയച്ച സാധനങ്ങളിൽ ഉൾപ്പെട്ടതാണ് ഇവ. 2022 മേയിലാണ് ഭീകരർ ഗുരെസ് സെക്ടർ വഴി ഇന്ത്യയിൽ നുഴഞ്ഞുകയറിയത്. പഹൽഗാം ആക്രമണത്തിന് മുൻപ് ബൈസരണിലെ ഒളിയിടത്തിൽ ഇവർക്ക് അഭയവും ഭക്ഷണവും നൽകിയത് നേരത്തെ അറസ്റ്റിലായ പർവെെസ്, ബഷീർ എന്നീ പ്രദേശവാസികളാണ്.

