Sunday, December 21, 2025

സഹകരിക്കണോ എന്ന് അൻവറിന് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് ! നിലമ്പൂരിൽ കടുംപിടുത്തതിന് വഴങ്ങാതെ യുഡിഎഫ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ തീരുമാനിച്ചതിന് പിന്നാലെ ആരംഭിച്ച അസ്വാരസ്യം ശക്തമാകുന്നതിനിടെ തെരഞ്ഞെടുപ്പിൽ
യുഡിഎഫുമായി സഹകരിക്കണോ എന്ന് പി.വി. അൻവറിന് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അൻവർ തീരുമാനം പ്രഖ്യാപിച്ചാൽ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതൃയോഗത്തിന് ശേഷമായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം. തെരഞ്ഞെടുപ്പുമായും സ്ഥാനാർത്ഥിയുടെ പ്രചരണവുമായും അൻവർ സഹകരിച്ചാൽ തീർച്ചയായും തങ്ങൾ ഒരുമിച്ചു പോകുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.

“നിലമ്പൂർ തെരഞ്ഞെടുപ്പിൽ പി.വി. അൻവർ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. പി.വി. അൻവറാണ് അഭിപ്രായവ്യത്യാസം പറഞ്ഞത്. തെരഞ്ഞെടുപ്പുമായി സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. തെരഞ്ഞെടുപ്പുമായും സ്ഥാനാർഥിയുടെ പ്രചരണവുമായും അദ്ദേഹം സഹകരിച്ചാൽ തീർച്ചയായും തങ്ങൾ ഒരുമിച്ചു പോകും

തെരഞ്ഞെടുപ്പുമായും യുഡിഎഫിന്റെ പ്രവർത്തനവുമായി സഹകരിച്ചു പോകണോ വേണ്ടേ എന്ന് അദ്ദേഹം എടുക്കേണ്ട വ്യക്തിപരമായ തീരുമാനമാണ്. അത് എടുത്താൽ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയാം.”- വി.ഡി. സതീശൻ പറഞ്ഞു. അൻവറിനാണോ യുഡിഎഫിനെ വേണ്ടത്, യുഡിഎഫിനാണോ അൻവറിനെ വേണ്ടത് എന്ന ചോദ്യത്തിന്, അത് അദ്ദേഹം തീരുമാനിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Related Articles

Latest Articles