തിരുവനന്തപുരം : മുന്നണിയിലെ എതിര്‍പ്പുകള്‍ മറികടന്ന് പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ ഒപ്പുവെച്ച് ഇടത് സർക്കാർ. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും സിപിഐ മന്ത്രിമാര്‍ ഇതിനെ എതിര്‍ത്തിരുന്നു.സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് വിദ്യാഭ്യാസ സെക്രട്ടറിയാണ് കരാറില്‍ ഒപ്പുവെച്ചത്. ഇതിനിടയിലാണ് പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചത്. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ ഫണ്ടിന്റെ ഭാഗമായ 1500 കോടിയോളം രൂപ ഇതുവഴി ലഭിക്കുമെന്നാണ് കരുതുന്നത്. മൂന്ന് വര്‍ഷമായി കേരളം എതിര്‍ത്ത് പോന്ന പദ്ധതിയായിരുന്നു ഇത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതംവാങ്ങി, പിഎം-ശ്രീ നടപ്പാക്കാനുള്ള നടപടികളെടുക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ‘മാതൃഭൂമി’ വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെയാണ് തങ്ങള്‍ വിഷയം അറിയുന്നതെന്നായിരുന്നു സിപിഐ നേതൃത്വം പറഞ്ഞത്. പിന്നാലെ എതിര്‍പ്പുമായി പരസ്യമായി രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളം പദ്ധതിയെ എതിര്‍ത്ത് വരികയായിരുന്നു.
കേരളം ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച് 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) പൂര്‍ണതോതില്‍ സംസ്ഥാനത്തു നടപ്പാക്കേണ്ടി വരും. 2020ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്. 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃക സ്ഥാപനങ്ങളാക്കി ഉയര്‍ത്തുമെന്നാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 27,000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇന്ത്യയിലെമ്പാടുമുള്ള കേന്ദ്ര, സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ നടത്തുന്ന സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തു. ഒരു ബ്ലോക്കില്‍ രണ്ട് സ്‌കൂളുകളായിരിക്കും കേരളത്തില്‍ പദ്ധതിയുടെ ഭാഗമാകുക.

