ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻറെ ഓഫീസിനുള്ളിൽ വച്ച് പുറത്തുനിന്നും വാങ്ങിയ ചിക്കൻ ബിരിയാണി ക്ഷേത്ര ജീവനക്കാർ വിളമ്പി കഴിച്ച സംഭവത്തിൽ ഒടുവിൽ നടപടി. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കോംബൗണ്ടിനുള്ളിലും ഓഫീസിലും സസ്യേതര ഭക്ഷണവും ലഹരി ഉപയോഗവും വിലക്കിക്കൊണ്ടുള്ള മതിലകത്തിന്റെ ഉത്തരവ് പുറത്തു വന്നു. ശ്രീ പത്മനാഭ സ്വാമീ ക്ഷേത്രത്തിൽ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് ഓഫീസർ പുറത്ത് നിന്ന് ചിക്കൻ ബിരിയാണി ഓർഡർ ചെയ്ത് ക്ഷേത്രം ഓഫീസിൽ വിളമ്പിക്കഴിച്ച വിവരം തത്വമയി ന്യൂസാണ് പുറം ലോകത്തെ അറിയിച്ചത് . ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഓഫീസിലെ വിളക്കിനു മുന്നിലായിരുന്നു ബിരിയാണി കൊണ്ട് വച്ചിരുന്നത്. തത്വമയിലൂടെ ഈ കടുത്ത ആചാര ലംഘനം അറിഞ്ഞ വിശ്വാസി സമൂഹം കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. പിന്നാലെ തത്വമയിയുടെ ചുവട് പറ്റി മുഖ്യധാര മാദ്ധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തു.
വിഷയത്തിൽ മതിലകം ഓഫീസ് പുറത്തിറക്കിയ ഉത്തരവിലെ പ്രസക്ത ഭാഗങ്ങൾ താഴെ നൽകുന്നു
ക്ഷേത്ര ഓഫീസിനു സമീപം ജീവനക്കാർക്ക് ആഹാരം കഴിക്കുന്നതിനായി സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള മുറിയിൽ വച്ചോ, ക്ഷേത്രം ഓഫീസിൻ്റെ മറ്റ് മുറികളിൽ വച്ചോ സസ്യേതര ആഹാരമോ, ലഹരി പദാർത്ഥങ്ങളോ കൊണ്ടു വരുന്നതും, കൊണ്ടു വന്ന് ഭക്ഷിക്കുന്നതും തുടർന്നും കർശനമായി നിരോധിച്ചിരിക്കുന്നു.
- ക്ഷേത്ര ഓഫീസിന് പരിസരത്ത് പുറത്തു സ്ഥിതി ചെയ്യുന്ന ഡൈനിംഗ് റൂം താഴെ വിവരിക്കുന്ന സമയങ്ങളിൽ മാത്രമേ തുറന്ന് ജീവനക്കാർക്ക് അതുപയോഗിക്കുന്നതിനായി പ്രവേശനം നൽകാവൂ.
സമയം രാവിലെ 09.00 മുതൽ 10.30 വരെ
ഉച്ചയ്ക്ക് 01.00 മുതൽ 02.30 വരെ
- മേൽ വിവരിച്ച സമയം അല്ലാതെ യാതൊരു കാരണവശാലും ഡ്യൂട്ടിയി ലുള്ള ഓഫീസ് ജിവനക്കാർക്ക് പ്രസ്‌തുത മുറിയിൽ പ്രവേശനം അനുവദ ക്കാൻ പാടുള്ളതല്ല. ഇക്കാര്യം ഓഫിസ് ജീവനക്കാരായ ഉഷ, ലക്ഷ്‌മി എന്നിവർ ഉറപ്പാക്കേണ്ടതാണ്. ഇവർ രണ്ടു പേരുടെയും അസാന്നിദ്ധ്യത്തിൽ ഇക്കാര്യം അതാത് സമയം ഡ്യൂട്ടിയിലുള്ള പ്യൂൺമാർ ഉറപ്പാക്കേണ്ടതാണ്.
- ക്ഷേത്രം ഓഫീസിൽ (അഡ്‌മിനിസ്ട്രേഷൻ, ഫിനാൻസ് ഓഫീസ്, പബ്ലിക്ക് റിലേഷൻ) ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് മാത്രമേ ഈ ഡൈനിംഗ് ഹാൾ ഉപയോഗിക്കാൻ പാടുള്ളൂ.
4.ഓഫീസ് അവധി ദിവസങ്ങളിൽ ജീവനക്കാർ പ്രസ്‌തുത ദിവസം അടിയന്തിരമായി ചെയ്യേണ്ട ഔദ്യോഗിക കൃത്യങ്ങൾ ഉണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസറോ ,ബന്ധപ്പെട്ട വകുപ്പ് മേധാവികളായ മാനേജർ,എ.ഓ ,ഫിനാൻസ് ആൻഡ് ഓഡിറ്റ് ഓഫീസർ എന്നിവർ രേഖാമൂലം അനുമതി നൽകിയാൽ മാത്രമേ ഹാജരാകുവാൻ പാടുകയുള്ളു. പ്രസ്തുത അപേക്ഷ സമർപ്പിക്കുവാൻ ഒരു നിർദ്ദിഷ്ട അപേക്ഷ ഫോറം തയ്യാറാക്കി ഓഫീസ് ജീവനക്കാർക്ക് നൽകുവാൻ നടപടി സ്വീകരിക്കുക.
- ക്ഷേത്രം ഓഫീസ്’ അവധി ദിവസങ്ങളിൽ ജീവനക്കാരാരും ഹാജരാകാ കാത്ത ദിവസങ്ങളിൽ പൂട്ടിയിടേണ്ടതും വളരെ അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ തുറക്കുവാൻ പാടുള്ളതാകുന്നു. ഇക്കാര്യം ഡ്യൂട്ടിയിലുള്ള പ്യൂണുമാർ, ഡ്രൈവർ കം പ്യൂൺ എന്നിവർ ഉറപ്പ് വരുത്തേണ്ടതാണ്.
- പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് 05.30 മണിക്ക് ക്ഷേത്രം ഓഫീസ് (അഡ്‌മിനിസ്ട്രേഷൻ ഓഫീസ്, ഫിനാൻസ് ഓഫീസ്) അടച്ചിടേണ്ടതാണ്. 05.30 മണിക്ക് ശേഷം ഏതെങ്കിലും ജിവനക്കാരൻ അത്യാവശ്യ ജോലി ചെയ്യേണ്ടതുണ്ടെങ്കിൽ ആയതിന് മുൻകൂട്ടി അനുമതി വാങ്ങേണ്ടതും പ്രസ്തുത വിവരം അനുമതി നൽകുന്ന വകുപ്പ് മേലധികാരി നേരിട്ടോ, ഫോൺ മുഖേനയോ ചുമതലയിലുള്ള പ്യൂൺ, ഡ്രൈവർ കം പ്യൂണിനെ അറിയിക്കേണ്ടതുമാകുന്നു
- അവധി ദിവസങ്ങളിൽ അത്യാവശ്യ ജോലിക്ക് ഹാജരാകുന്നവർ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററിൽ വന്ന സമയം, പോകുന്ന സമയം, അന്നേ ദിവസം നിർവ്വഹിക്കേണ്ട ജോലികളുടെ വിവരം എന്നിവ രേഖപ്പെടുത്തി അതാത് സെക്ഷൻ മേലധികാരികൾ ഒപ്പിട്ട് എക്‌സിക്യുട്ടിവ് ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
- അവധി ദിവസങ്ങളിൽ സർവർ റൂം ക്ലർക്കായ ശ്രീ. വിഷ്‌ണു വിജയ് ജോലിക്ക് ഹാജരാകേണ്ടതും ക്ഷേത്രത്തിനുള്ളിൽ കൗണ്ടർ ഇൻ ചാർജിൻ്റെ മുറിയിൽ ഇരിക്കേണ്ടതും, കംപ്യൂട്ടർ സംബന്ധമായി പ്രത്യേകിച്ച് കൗണ്ടറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുമാണ്. ആയതിലേയ്ക്കായി ടിയാൻ്റെ പ്രസ്തുത അവധി ദിവസങ്ങളിലെ സേവനം ലഭ്യമാക്കുവാനും, ഉറപ്പാക്കുവാനും ആവശ്യമായ സൗകര്യങ്ങളും, മേൽനോട്ടവും നിർവഹിക്കേണ്ടതാകുന്നു. കൗണ്ടർ ഇൻചാർജ് നിർവഹിക്കേണ്ടതാകുന്നു
സംഭവവുമായി ബന്ധപ്പെട്ട് കർമ്മചാരി സംഘം (ബി.എം.എസ്) ഇന്ന് നടന്ന ക്ഷേത്ര ഭരണസമിതി യോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ഓഫീസറുടെ അറിവോടുകൂടി നടന്ന ഈ ആചാര ലംഘനത്തിന് എക്സിക്യൂട്ടീവ് ഓഫീസറെ പുറത്താക്കണമെന്നും ഭക്തജനങ്ങളോടു മാപ്പ് പറയിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു

