Tuesday, December 16, 2025

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. പ്രതിക്കായി അന്വേഷണസംഘം കോടതിയില്‍ കസ്റ്റഡി അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയി അവയവ വില്‍പ്പന നടത്തുന്ന സംഘത്തിന്റെ ഏജന്റായ സബിത്ത് കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ പിടിയിലായത്. ഇതിനുപിന്നാലെ അവയവക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

അവയവക്കടത്ത് കേസില്‍ ദേശീയ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യാന്തര അവയവക്കടത്ത് സംഘങ്ങളുമായി പ്രതിക്ക് ബന്ധമുണ്ടോയെന്നതടക്കമുള്ള വിവരങ്ങളാണ് അന്വേഷണ വിധേയമാക്കുന്നത്.

സാധാരണക്കാരെ സമീപിച്ച് ചെറിയ തുകകള്‍ വാഗ്ദാനം ചെയ്ത് അവരെ വിദേശത്ത് കൊണ്ടുപോകുന്നതായിരുന്നു പ്രതിയുടെ രീതി. കുവൈത്തിലും പിന്നീട് ഇറാനിലും കൊണ്ടുപോകും. ഇറാനിലെ ആശുപത്രിയില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ നടത്തുന്നതെന്നാണ് വിവരം. ഇവര്‍ക്ക് വ്യാജ ആധാര്‍കാര്‍ഡും പാസ്‌പോര്‍ട്ടും എടുത്ത് നല്‍കി ഇറാനിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെനിന്ന് അവയവം എടുത്ത ശേഷം തിരികെ കൊണ്ടുവരുകയും ചെയ്യും.

ഇരകളായവര്‍ക്ക് തുച്ഛമായ തുകയാണ് നല്‍കിയിരുന്നത്. ഇരകളായവര്‍ക്ക് എത്ര രൂപയാണ് നല്‍കിയതെന്നോ അവയവക്കടത്തുമായി ബന്ധപ്പെട്ട് മറ്റ് വലിയ കണ്ണികളുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ വ്യക്തമായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ശേഖരിക്കുന്നതിനായാണ് പോലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്.

പോലീസ് പിടിയിലായ സബിത്തിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍നിന്ന് ഇരകളായ ഇരുപത് പേരുടെ വിവരങ്ങളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ ഒരാള്‍ പാലക്കാട് സ്വദേശിയും 19 പേര്‍ ഉത്തരേന്ത്യക്കാരാണെന്നുമാണ് പ്രാഥമിക വിവരം. അതേസമയം, കൂടുതല്‍ പേര്‍ ഇരകളായതായാണ് പോലീസ് അനുമാനം.

Related Articles

Latest Articles