ചാലക്കുടി : സംസ്ഥാനത്ത് വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളായ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിലായി. അസമിലെ ദൂപാഗുരിഗാവോൺ സ്വദേശികളായ അബ്ദുൽ റഹ്മാൻ (22), നൂറുൽ അമീൻ (35) എന്നിവരെയാണ് സംഭവത്തിൽ പോലീസ് പിടികൂടിയത്. പ്രതികളിൽ നിന്ന് ലക്ഷങ്ങൾ വില വരുന്ന 28 ഡപ്പി ഹെറോയിൻ കണ്ടെടുത്തു. വിൽപനയ്ക്കായി പരിയാരം പൂവത്തിങ്കൽ കുറ്റിക്കാട് റോഡിൽ കൊണ്ടു വന്നപ്പോഴാണു പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പ്രത്യേക അറയിലും വസ്ത്രത്തിനുള്ളിലുമായാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.
സമൂഹ മാദ്ധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി ആവശ്യക്കാരെ കണ്ടെത്തി അവർക്ക് ആവശ്യാനുസരണം എത്തിച്ചു കൊടുക്കുകയാണു പതിവെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പിടികൂടിയ ലഹരിമരുന്ന് അസമിൽനിന്നു കൊണ്ടുവന്നതാണ് ആദ്യം മൊഴി നല്കിയതെങ്കിലും പിന്നീട് മറ്റൊരു അന്യസംസ്ഥാന തൊഴിലാളി തന്നതാണെന്ന് മാറ്റിപ്പറഞ്ഞു. ഇയാളെ കുറിച്ചു പൊലീസ് അന്വേഷിച്ചു വരികയാണ്. ഇതിനിടെ അബ്ദു റഹ്മാൻ ഉച്ചയ്ക്ക് ഒരുമണിയോടെ സ്റ്റേഷനിലെ ശുചിമുറിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി.

