മുംബൈ: താനയിൽ എം.പി സജ്ഞയ് റാവത്തിന്റെ കോലംകത്തിച്ച് ശിവസേനാ പ്രവര്‍ത്തകര്‍. തീന്‍ ഹാത്ത് നാകയിലാണ് പ്രവര്‍ത്തകര്‍ ഉദ്ധവ് പക്ഷത്തിലെ കരുത്തനായ റാവത്തിന്റെ കോലം കത്തിച്ചത്. കഴിഞ്ഞ ദിവസം ശിവസേനയുടെ ചന്ദന്‍വാഡിയിലെ ഓഫീസില്‍ സ്ഥാപിച്ചിരുന്ന ഉദ്ധവ് താക്കറെയുടെ ഫ്ളക്സിൽ കരിയോയില്‍ ഒഴിച്ചത്.
റാവത്തിന്റെ ഗുവാഹത്തിയില്‍ നിന്നും എംഎല്‍എമാര്‍ ജീവനോടെ മുംബൈയില്‍ എത്തില്ലായെന്ന പ്രസ്താവനയാണ് ഷിന്‍ഡെ അനുകൂലികളെ പ്രകോപിപ്പിച്ചത്. ഷിന്‍ഡെയുടെ മകനും കല്ല്യാണില്‍ നിന്നുള്ള ലോക്‌സഭാംഗവുമായ ശ്രീകാന്തിന്റെ കാറിന് നേരെ കഴിഞ്ഞ ദിവസം ഉദ്ധവ് അനുകൂലികള്‍ അക്രമം നടത്തിയിരുന്നു.
.അതേ സമയം, വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ ഉദ്ധവിന്റെ അർദ്ധസഹോദരനും മഹാരാഷ്‌ട്ര നവനിർമാൺ സേനയുടെ തലവനുമായ രാജ് താക്കറെയുമായി ചർച്ച നടത്തി. മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധിയെക്കുറിച്ച് ആയിരുന്നു ചർച്ചയെന്ന് എംഎൻഎസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
രാജ് താക്കറെയുമായി രണ്ടു തവണ ഷിൻഡെ ഫോണിൽ സംസാരിച്ചതായാണ് വിവരം. നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ അദ്ദേഹം രാജ് താക്കറെയെ ബോധ്യപ്പെടുത്തി. ശിവസേനയും ഷിൻഡെയുമായുളള തർക്കം തുടരുന്നതിനിടെ രാജ് താക്കറെയുമായുളള ചർച്ചകൾക്ക് സംസ്ഥാന രാഷ്‌ട്രീയത്തിൽ വലിയ രാഷ്‌ട്രീയ പ്രാധാന്യം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
മഹാരാഷ്‌ട്ര നവനിർമാൺ സേനയ്‌ക്ക് ഒരംഗമേ നിയമസഭയിൽ ഉളളൂ. എന്നാൽ ഉദ്ധവുമായി കലഹിച്ച ഏക്‌നാഥ് ഷിൻഡെയും രാജ് താക്കറെയുമായുളള സൗഹൃദം മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ സമീപകാലത്ത് മാറ്റങ്ങൾക്ക് വഴിവെക്കുമാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 2006 ലാണ് രാജ് താക്കറെ ശിവസേനയിൽ നിന്ന് മാറി സ്വന്തം പാർട്ടി രൂപീകരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് രാജ് താക്കറെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയത്. അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങളും ഷിൻഡെ അന്വേഷിച്ചതായി എംഎൻഎസ് വൃത്തങ്ങൾ പറഞ്ഞു.

