Saturday, December 20, 2025

വണ്ടിച്ചെക്ക് കേസ് : ഒത്തുതീർപ്പ് ചർച്ചകൾ വഴി മുട്ടി: നിയമപരമായി നേരിടുമെന്ന് തുഷാർ

ദുബായ്: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിചെക്ക് കേസില്‍ കോടതിക്ക് പുറത്തെ ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ വഴിമുട്ടി. ആറ് കോടി നല്‍കി ഒത്തുതീര്‍പ്പിനില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും തുഷാര്‍വെള്ളാപ്പള്ളി പറഞ്ഞു.

നാട്ടിലേക്ക് പോകാന്‍ വൈകിയാലും കുഴപ്പമില്ല, ആറുകോടി കൊടുത്തു കേസ് ഒത്തു തീര്‍പ്പാക്കുന്ന പ്രശ്നമില്ലെന്നും തുഷാര്‍ വ്യക്തമാക്കി. ആറ്ലക്ഷത്തി എഴുപത്തി അയ്യായിരം ദിര്‍ഹത്തിനാണ് നാസിലിന്‍റെ കമ്പനിക്ക് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ചത്. ജോലിയില്‍ വരുത്തിയ വീഴ്ച തനിക്കും സാമ്പത്തിക നഷ്ടമുണ്ടാക്കി, അതുകൊണ്ടുതന്നെ കേസിനെ നിയമ പരമായി കോടതിയിൽ നേരിടാനാണ് തീരുമാനമെന്നും തുഷാര്‍ വെള്ളാപള്ളി വിശദീകരിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ തുഷാറിന്‍റെയും നാസിലിന്‍റെയും ബിസിനസ് സുഹൃത്തുക്കൾ തമ്മിൽ ദുബായിയിലും ഷാർജയിലും ചർച്ചകൾ നടത്തിയിരുന്നു. ആറ് കോടി രൂപ കിട്ടിയാലേ കേസ് പിൻവലിക്കൂ എന്ന മുന്‍ നിലപാടില്‍ നാസില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. നാസിലിന്‍റെ കയ്യിലുള്ള ചെക്കിൽ സ്‌പോൺസറുടെ ഒപ്പ് ഇല്ല.

ഗുണഭോക്താവ് സ്വയം തീയതി എഴുതി ചേർക്കുന്നത് നിയമ വിരുദ്ധമാണ്. ഈ രണ്ടു ഘടകങ്ങൾ തനിക്ക് അനുകൂലമാകുമെന്ന നിയമോപദേശമാണ് തുഷാറിന് ലഭിച്ചിരിക്കുന്നത്. പരമാവധി മൂന്ന് കോടി രൂപ വരെ കൊടുക്കാം എന്ന തന്‍റെ മുൻ ഒത്തുതീർപ്പ് വ്യവസ്ഥ സ്വീകാര്യമാണെന്ന് നാസിൽ അറിയിച്ചാൽ മാത്രമേ ഇനി കോടതിക്ക് പുറത്തു ചർച്ചയുള്ളൂ എന്നാണ് തുഷാറിന്‍റെ ഇപ്പോഴത്തെ നിലപാട്.

Related Articles

Latest Articles