Friday, December 12, 2025

50 ദിവസത്തിനിടെ ഇന്ത്യയിൽ 18 ലധികം ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമിച്ചു; പിന്നിൽ ഇസ്ലാമിക ഭീകരർ ? അന്വേഷണത്തിന് എൻഐഎ

ദില്ലി: ഇന്ത്യയിൽ ട്രെയിനുകൾ പാളം തെറ്റിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ ശക്തമായ ഗൂഢാലോചന ഉണ്ടെന്ന സംശയം ഉയരുന്നു. കഴിഞ്ഞ ആഴ്‌ചയിൽ മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചത്. ട്രെയിനുകൾക്ക് നേരെ രണ്ട് കല്ലെറിയൽ സംഭവങ്ങളും ഉണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ ഭീകരർക്ക് പങ്കുണ്ടെന്ന സംശയവും ശക്തമാണ്.

ട്രെയിനുകൾ പാളം തെറ്റിക്കാനുള്ള അട്ടിമറി ശ്രമങ്ങൾ ഇന്ത്യൻ റെയിൽവേയും അന്വേഷണ ഏജൻസികളും അന്വേഷിക്കുന്നു. സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കാളിന്ദി എക്സ്പ്രസ് അട്ടിമറിക്കാനുള്ള നീക്കത്തെ കുറിച്ച് അന്വേഷിക്കാൻ എൻഐഎയെ നിയോഗിച്ചു. ഗ്യാസ് സിലിണ്ടർ, പെട്രോൾ, തീപ്പെട്ടി എന്നിവയാണ് കാളിന്ദി എക്സ്പ്രസ് വന്ന ട്രാക്കിൽ നിന്ന് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം അജ്മീറിൽ നടന്ന അട്ടിമറി ശ്രമവും എൻഐഎയുടെ അന്വേഷണ പരിധിയിൽ വരുമെന്നാണ് സൂചന .

അജ്മീറിൽ, ഒരു ക്വിൻ്റൽ ഭാരമുള്ള സിമൻറ് കട്ടകളാണ് റെയിൽവേ ട്രാക്കിൽ വച്ചിരുന്നത്. എന്നാൽ, കട്ടകൾ പൊട്ടി ട്രാക്കിൽ അടർന്നുവീണതിനാൽ തീവണ്ടി അപകടം ഒഴിവായി. ഇത്തരം സംഭവങ്ങൾ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർത്തുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ 50 ദിവസത്തിനിടെ 18 ഓളം പാളം തെറ്റൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ജൂലൈ 19 ന്, ലക്നൗവിൽ നിന്ന് 150 കിലോമീറ്റർ അകലെ ഗോണ്ടയിലെ മോട്ടിഗഞ്ചിനടുത്ത് ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസിന്റെ 21 കോച്ചുകൾ പാളം തെറ്റിയതിനെ തുടർന്ന് 3 പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അസമിലേക്ക് പോകുകയായിരുന്ന ട്രെയിൻ ജിലാഹി റെയിൽവേ സ്‌റ്റേഷനു സമീപം എത്തിയപ്പോൾ വലിയ ശബ്ദം കേട്ടതായി ലോക്കോ പൈലറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. 22 കോച്ചുകളിൽ 8 എണ്ണം പൂർണമായും പാളം തെറ്റി, ബാക്കിയുള്ളവ ഭാഗികമായി ട്രാക്കിൽ നിന്ന് പുറത്തായി.
ആഗസ്ത് 1-ന്, ഗുൽസാർ ഷെയ്ഖ് എന്നറിയപ്പെടുന്ന യൂട്യൂബർ, സൈക്കിളുകൾ, സോപ്പുകൾ, കല്ലുകൾ, സിലിണ്ടറുകൾ എന്നിവയുൾപ്പെടെ വിവിധ റെയിൽവേ ട്രാക്കുകളിൽ സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് ആയിരത്തോളം യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിന് ഷെയ്ഖിനെ അറസ്റ്റ് ചെയ്തിരുന്നു. ആഗസ്ത് 20-ന് അലിഗഡ് റെയിൽവേ പോലീസ് റെയിൽവേ ട്രാക്കിൽ അലോയ് വീൽ സ്ഥാപിച്ചതിന് അഫ്സാൻ എന്ന യുവാവിനെതിരെ കേസെടുത്തിരുന്നു.

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഇസ്ലാമിക് ഭീകരനായ ഫർഹത്തുള്ള ഘോരിയുടെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം ട്രെയിൻ അട്ടിമറി ശ്രമങ്ങൾ വർദ്ധിച്ചത് . ദില്ലിയിലും മുംബൈയിലും മറ്റ് ഇന്ത്യൻ നഗരങ്ങളിലും ട്രെയിൻ അപകടമുണ്ടാക്കാൻ തന്റെ അനുയായികളെ പ്രേരിപ്പിക്കുന്ന വീഡിയോയാണ് ഫർഹത്തുള്ള പങ്ക് വച്ചത്.

Related Articles

Latest Articles