ദക്ഷിണ ധ്രുവത്തിലെ ഓസോൺ പാളിയിൽ ഉണ്ടായിരുന്ന ദ്വാരങ്ങൾക്ക് കുറവ് സംഭവിച്ചതായി റിപ്പോർട്ട്. 2022 സെപ്റ്റംബർ 7നും ഒക്ടോബർ 13നും ഇടയിൽ അന്റാർട്ടിക് ഓസോൺ ദ്വാരം ശരാശരി 23.2 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലെത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിലെ കണക്ക് കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്. മാത്രമല്ല സമീപ വർഷങ്ങളിൽ ഇത് കുറഞ്ഞു വരികയാണ്. 2021ൽ ഓസോൺ ദ്വാരം 24.8 ദശലക്ഷം ചതുരശ്ര കിലോമീറ്ററായിരുന്നു.
അന്റാർട്ടിക്കയ്ക്ക് മുകളിലുള്ള സ്ട്രാറ്റോസ്‌ഫിയറിലെ ഓസോൺ പാളിയുടെ കനം കുറയുന്നതാണ് ഓസോൺ ദ്വാരം എന്ന പേരിൽ അറിയപ്പെടുന്നത്. ഉയർന്ന പാളിയിലുള്ള ധ്രുവ മേഘങ്ങളിലെ പ്രതിപ്രവർത്തനങ്ങളിൽ മനുഷ്യ നിർമ്മിതമായ ക്ലോറിൻ, ബ്രോമിൻ എന്നിവയുടെ രാസപരമായി സജീവമായ രൂപങ്ങൾ കൂടി ചേരുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാവുന്നത്.
1990കളുടെ അവസാനത്തിലും 2000കളുടെ തുടക്കത്തിലും ഉണ്ടായിരുന്ന ഓസോൺ ദ്വാരങ്ങളേക്കാൾ നിലവിൽ ഓസോൺ ദ്വാരങ്ങൾ താരതമ്യേന വളരെ കുറവാണ്. ക്ലോറോഫ്ലൂറോ കാർബണുകൾ എന്ന് വിളിക്കപ്പെടുന്ന രാസവസ്‌തുക്കൾ പുറത്തുവിടുന്നത് നിരോധിച്ച മോൺട്രിയൽ പ്രോട്ടോക്കോളാണ് നിലവിലെ മാറ്റത്തിന് അടിസ്ഥാനം.

