പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽകോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി. സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറുമെന്ന് സൂചന. പി സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായി. സരിനെ സ്ഥാനാര്‍ഥിയാക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് സരിന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച പി സരിന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ തോറ്റാല്‍ അത് രാഹുല്‍ ഗാന്ധിയുടെ പരാജയമാകുമെന്നാണ് തുറന്നടിച്ചത്. സ്ഥാനാര്‍ഥി പട്ടികയില്‍ തിരുത്തലുണ്ടായില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമായിരുന്നെന്നും പി സരിന്‍ പറഞ്ഞു.
പിന്നാലെ പി.സരിന്റെ നിലപാട് അച്ചടക്ക ലംഘനമാണെന്ന് കെപിസിസി നേതൃത്വം വിമർശിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ എഐസിസിയുടെ തീരുമാനത്തെ ചോദ്യ ചെയ്യുന്ന നടപടിയാണ് സരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും ഹൈക്കമാൻഡ് സ്വീകരിച്ചിട്ടുള്ള തീരുമാനത്തെ പൊതുവേദിയിൽ പരസ്യമായി വിമർശിച്ചത് ശരിയായില്ലെന്നും കെപിസിസി വിമർശിച്ചു.
സരിൻ ഉയർത്തിയ വിമർശനവും വാർത്താസമ്മേളനം നടത്തിയ സാഹചര്യവും പരിശോധിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു പ്രതികരിച്ചു. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നാണ് സരിന്റെ ആവശ്യം. കോണ്‍ഗ്രസ് സ്ഥാനാർത്ഥി ചര്‍ച്ച പ്രഹസനമായിരുന്നെന്നും നല്ല തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

