തിരുവനന്തപുരം : സംസ്ഥാന സർക്കാരിനും ആഭ്യന്തര വകുപ്പിനും തല വേദന സൃഷ്ടിച്ചുകൊണ്ട് എഡിജിപി എം.ആർ. അജിത് കുമാറിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേയും ഉന്നയിച്ച ആരോപണങ്ങൾ രാഷ്ട്രീയ വിവാദമായി ആളിക്കത്തവേ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പി.വി.അൻവർ എംഎൽഎ. മുഖ്യമന്ത്രിയെ കണ്ട് എല്ലാ കാര്യങ്ങളും എഴുതിക്കൊടുത്തെന്നും സഖാവെന്ന നിലയിൽ തന്റെ ഉത്തരവാദിത്വം പൂർത്തിയായെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പി വി അൻവർ പ്രതികരിച്ചു.
“എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മുഖ്യമന്ത്രിക്ക് കൊടുത്ത അതേ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കൈമാറും. ഒരു സഖാവ് എന്ന നിലയ്ക്കാണ് ഈ വിഷയത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. ഇതോടെ എന്റെ ഉത്തരവാദിത്വം അവസാനിച്ചു. എഡിജിപി അജിത്ത് കുമാറിനെ മാറ്റിനിർത്തണോയെന്ന് സർക്കാരും പാർട്ടിയുമാണ് തീരുമാനിക്കേണ്ടത്. അജിത്ത് കുമാറിനെ മാറ്റിനിർത്തണമെന്ന ആവശ്യം എനിക്കില്ല. ആരെ മാറ്റിനിർത്തണമെന്ന് സർക്കാർ തീരുമാനിക്കട്ടെ. എല്ലാം കാത്തിരുന്ന് കാണാം. ഉന്നയിച്ച എല്ലാ പ്രശ്നങ്ങളും സർക്കാർ പരിഗണിക്കുമെന്നാണ് വിശ്വാസം. ഈ വിഷയത്തിൽ എന്റെ പിന്നിലുള്ളത് ദൈവം മാത്രമാണ്.”- അൻവർ പറഞ്ഞു.

