ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്). ലഷ്‌ക്കറെ തൊയ്ബ അനുകൂല സംഘടനയാണ് ടിആര്‍എഫ്. 2023 ജനുവരിയിൽ ആഭ്യന്തരമന്ത്രാലയം ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശം സുരക്ഷാസേന വളഞ്ഞിട്ടുണ്ട്. കരസേനയുടെ പ്രത്യേക കമാൻഡോ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. എൻഐഎ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തില്‍ 24 ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. കൊല്ലപ്പെട്ടവരിൽ രണ്ടു പേർ വിദേശികളാണെന്ന സ്ഥിരീകരിക്കാത്ത വിവരം കൂടി പുറത്തു വരുന്നുണ്ട് .
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പഹൽഗാമിൽ ആക്രമണം നടന്നത്. വിനോദസഞ്ചാരികൾ പ്രകൃതിഭംഗി ആസ്വദിച്ച് നിന്നിരുന്ന സ്ഥലത്തേക്ക് തോക്കുമായി എത്തിയ ഭീകരർ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷം ആക്രമിക്കുകയായിരുന്നു. പട്ടാള വേഷത്തിലാണ് ഭീകരർ എത്തിയതെന്നും സംഘത്തിൽ ഏഴ് പേർ ഉണ്ടായിരുന്നതായും ദൃക്സാക്ഷികൾ പറയുന്നു. ആക്രമണത്തിന് ശേഷം ഭീകരർ വനത്തിലേക്ക് രക്ഷപ്പെട്ടു.
കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദില്ലിയിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി. അദ്ദേഹം ആക്രമണം നടന്ന സ്ഥലം ഇന്ന് തന്നെ സന്ദർശിക്കുമെന്നാണ് കരുതുന്നത്.സൗദിയിൽ നിന്ന് ഫോണിൽ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം വിഷയം സംസാരിച്ചു.
പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

