ദില്ലി: പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകര സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാൾ അറസ്റ്റിൽ. അഹമ്മദ് ബിലാൽ എന്നയാളാണ് അറസ്റ്റിലായത്. ആക്രമണം നടന്ന ബൈസരൺ വാലിക്ക് സമീപത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ നിലവിൽ ചോദ്യം ചെയ്യുകയാണ്.
പിടികൂടുന്ന സമയത്ത് ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റാണ് ഇയാൾ ധരിച്ചിരുന്നത്. സൈന്യത്തിന്റെ ചോദ്യങ്ങൾക്ക് ഇയാൾ കൃത്യമായി മറുപടി നൽകിയില്ലെന്നും വിവരമുണ്ട്. ഏപ്രിൽ 22 ന് ബൈസരൻവാലിയിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി അതിർത്തിയിലടക്കം സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഭീകരൻ എന്ന് സംശയിക്കുന്നയാൾ പിടിയിലായിരിക്കുന്നത്.

