കൊച്ചി : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്‍റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ . കൊച്ചിയിൽ ബിജെപി സംസ്ഥാന അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം രാമചന്ദ്രന്‍റെ വീട്ടിൽ എത്തിയത്. രാമചന്ദ്രന്‍റെ ഭാര്യ ഷീല, മകൾ ആരതി, മറ്റ് കുടുംബാഗങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മറ്റു നേതാക്കളും ഒപ്പമുണ്ടായിരുന്നു.

ഓപ്പറേഷൻ സിന്ദൂറിലൂടെയും ഓപ്പറേഷൻ മഹാദേവിലൂടെയും പഹൽഗാം ആക്രമണത്തിലെ കുറ്റവാളികളെ മോദി സർക്കാർ ശിക്ഷിച്ചുവെന്നും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ ധൈര്യപ്പെടുന്നവർ ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും അമിത് ഷാ പ്രതികരിച്ചു
എറണാകുളത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അമിത് ഷാ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശന ലക്ഷ്യം.

