ഛണ്ഡീഗഡ്:അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ.നിമിഷങ്ങൾക്കുള്ളിൽ വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ്.അമൃത്‌സറിലെ രജതൾ ഗ്രാമത്തിലായിരുന്നു സംഭവം. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ മൂന്നാമത്തെ തവണയാണ് ഇവിടേയ്‌ക്ക് പാകിസ്താൻ ഡ്രോൺ അയക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. മൂളൽ ശബ്ദം കേട്ട് ബിഎസ്എഫ് നടത്തിയ പരിശോധനയിലാണ് ഡ്രോൺ കണ്ടത്. ഉടൻ തന്നെ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. പാകിസ്താൻ ഭാഗത്ത് നിന്നാണ് ഡ്രോൺ എത്തിയതെന്ന് ബിഎസ്എഫ് വ്യക്തമാക്കി.
അതിർത്തിയിലെ സുരക്ഷാ വേലിയ്‌ക്ക് സമീപമാണ് ഡ്രോൺ തകർന്ന് വീണത്. ഡ്രോണിൽ നിന്നും ഒന്നും കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ അതിർത്തിയിലെ സൈനിക വിന്യാസം മനസ്സിലാക്കാനായി അയച്ച ഡ്രോണാണ് ഇതെന്നാണ് സംശയിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

