ഇസ്‌ലാമാബാദ് : അഫ്‌ഗാനിസ്ഥാനെതിരെയും ഭാരതത്തിനെതിരെയും യുദ്ധത്തിന് പൂർണ സജ്ജമാണെന്ന പ്രകോപന പരാമർശവുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഒരു പൊതു പരിപാടിയിൽ സംസാരിക്കവേയാണ് കിഴക്കൻ അതിർത്തിയിൽ ഭാരതത്തിനെതിരെയും പടിഞ്ഞാറൻ അതിർത്തിയിൽ അഫ്ഗാനിസ്ഥാന്റെ താലിബാൻ സർക്കാരിനെതിരെയും യുദ്ധത്തിന് തയാറാണെന്ന് ഖ്വാജ ആസിഫ് പറഞ്ഞതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഇസ്‌ലാമാബാദ് കോടതി സമുച്ചയത്തിന് മുന്നിൽ നടന്ന ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്രീക്-ഇ-താലിബാൻഏറ്റെടുത്തിരുന്നു. ചാവേർ ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം വീണ്ടും വർധിച്ചിരിക്കുകയാണ്. . അതേസമയം, ഇസ്‌ലാമാബാദ് ബോംബാക്രമണത്തിനു പിന്നിൽ ഇന്ത്യ സ്പോൺസർ ചെയ്ത ഭീകരവാദികളാണെന്ന് പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആരോപിച്ചിരുന്നു. ഷെഹ്ബാസ് ഷെരീഫിന്റെ ആരോപണങ്ങൾ തള്ളിയ ഭാരത , അടിസ്ഥാനരഹിതമായ പരാമർശങ്ങളാണിതെന്നും ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും വ്യക്തമാക്കി.

