ഭോപ്പാൽ: സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പാക് പതാക ഉയർത്തിയ മദ്ധ്യപ്രദേശിലെ പ്രീ-സ്കൂളിനെതിരെ അന്വേഷണം. മദ്ധ്യപ്രദേശിലെ രത്നം ജില്ലയിലാണ് സംഭവം. എബിവിപി പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രീ-സ്കൂൾ കുട്ടികൾ അവതരിപ്പിച്ച നാടകത്തിലായിരുന്നു പാക് പതാക ഉപയോഗിച്ചത്. അന്വേഷണ സമിതിയെ നിയോഗിച്ചതായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആർഎസ് മാൻഡ്ലോയ് വ്യക്തമാക്കി. സ്കൂളിന്റെ അംഗീകാരം ഉൾപ്പടെ റദ്ദാക്കണമെന്ന ആവശ്യം ശക്തമാണ്. വിഭജനകാലം അവതരിപ്പിക്കുന്ന ഭാഗത്താണ് പാക് പതാക ഉപയോഗിച്ചതെന്നാണ് സ്കൂൾ ഡയറക്ടർ ദീപക് പന്തിന്റെ വിശദീകരണം. തെറ്റിദ്ധാരണകൾ ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. നാടകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.

