Tuesday, December 16, 2025

അമേരിക്കൻ എതിർപ്പ് അവഗണിച്ച് ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി പാകിസ്ഥാൻ മുന്നോട്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; പദ്ധതി ചൈനയുമായി സഹകരിച്ച് ; സൈനിക,സാമ്പത്തിക സഹായങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം ?

വാഷിങ്ടണ്‍ :ഓപ്പറേഷൻ സിന്ദൂറിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ അമേരിക്ക വരെ എത്താന്‍ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പാകിസ്ഥാൻ രഹസ്യമായി വികസിപ്പിക്കുന്നുവെന്ന് അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ചൈനയുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതിയെന്നാണ് വിവരം.5,500 കിലോമീറ്ററിനപ്പുറത്ത് ആക്രമണം നടത്താന്‍ കഴിയുന്ന മിസൈലുകളെയാണ് ഭൂഖണ്ഡാന്തര മിസൈലുകളെന്ന് വിശേഷിപ്പിക്കുക. നിലവില്‍ പാകിസ്ഥാന്റെ പക്കൽ ഭൂഖണ്ഡാന്തര മിസൈലുകളില്ല. പാകിസ്ഥാന്റെ ഏറ്റവും ദൂര പരിധിയുള്ള മിസൈല്‍ ഷഹീന്‍-III ആണ്. ഇതിന്റെ പരമാവധി പ്രഹര പരിധി 2700 കിലോമീറ്ററാണ്. ഇന്ത്യയിലെ നഗരങ്ങളേ ലക്ഷ്യമിട്ട് ആക്രമണം നടത്താനേ അതുവഴി പാകിസ്താന് സാധിക്കു.

പുതിയ പരീക്ഷണത്തിൽ വിജയിച്ചാൽ ആണവായുധശേഷിയുള്ള എതിരാളിയായി പാകിസ്ഥാനെ അമേരിക്കയ്ക്ക് കണക്കാക്കേണ്ടിവരും. അമേരിക്കയിലേക്കോ അമേരിക്കന്‍ ഭരണത്തിന് കീഴിലുള്ള മറ്റ് ഭൂപ്രദേശങ്ങളിലേക്കോ ആണവാക്രമണം നടത്താന്‍ ശേഷി ആര്‍ജിക്കുന്ന രാജ്യങ്ങളെയാണ് ആണവ എതിരാളികളായി അമേരിക്ക കണക്കാക്കുക. നിലവില്‍ റഷ്യ, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് അമേരിക്കയുടെ ആണവ എതിരാളികള്‍. നിലവില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സ്വന്തമായുണ്ടെങ്കിലും ഇന്ത്യയ്ക്ക് നേരിട്ട് അമേരിക്ക വരെ എത്താവുന്ന മിസൈലുകളില്ല.

ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി പാകിസ്ഥാൻ മുന്നോട്ടുപോകുന്നതിന് എതിരെ കഴിഞ്ഞവര്‍ഷം അമേരിക്ക ഉപരോധം കൊണ്ടുവന്നിരുന്നു. എന്നാൽ പാകിസ്ഥാൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. അതിനാൽ തന്നെ അമേരിക്ക പാകിസ്ഥാന് നൽകി വരുന്ന സൈനിക,സാമ്പത്തിക സഹായങ്ങൾ അവസാനിപ്പിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Related Articles

Latest Articles