ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഭീകരവാദത്തിന് തിരിച്ചടി നൽകിയ സേനകൾക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ 22 മിനിറ്റ് നീണ്ടുനിന്ന പ്രസംഗം ആരംഭിച്ചത്. ഈ വിജയം രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെൺമക്കൾക്കും സമർപ്പിക്കുന്നെന്നും മോദി വ്യക്തമാക്കി.
“രാജ്യത്തെ സൈന്യത്തിന് സല്യൂട്ട്. സൈന്യത്തിന്റേത് അസാമാന്യ ധീരതയാണ്. രാജ്യത്തിന്‍റെ കഴിവും ക്ഷമയും കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാം കണ്ടു. സായുധസേനയേയും സൈന്യത്തെയും രഹസ്യാന്വേഷണ ഏജൻസിയേയും ശാസ്ത്രജ്ഞരേയും ഞാൻ അഭിവാദ്യം ചെയ്യുന്നു,
പഹൽഗാമിൽ അവധിയാഘോഷിക്കാനെത്തിയ സാധാരണക്കാരെയാണ് മതം ചോദിച്ച് കൊലപ്പെടുത്തിയത്. ഭീകരർ കാണിച്ച ക്രൂരത ലോകത്തെ തന്നെ പിടിച്ചുകുലുക്കി. കുടുംബങ്ങളുടെ മുന്നിൽ വെച്ചാണ് സാധാരണക്കാരെ ഭീകരവാദികൾ കൊലപ്പെടുത്തിയത്. അമ്മമാർക്കും, ഭാര്യമാർക്കും ,കുഞ്ഞുങ്ങൾക്കും മുന്നിലാണ് ഭീകരരുടെ വെടിയേറ്റ് നിഷ്‌കളങ്കരായ 26 പേർ പിടഞ്ഞുവീണ് മരിച്ചത്. മതത്തിൻ്റെ പേരിലാണ് ഭീകരർ ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു പേരല്ല. അതിൽ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണ് പ്രതിഫലിച്ചത്. ഭീകരരെ തുടച്ചുനീക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഇന്ത്യയുടെ തിരിച്ചടി ഭീകരവാദികൾ സ്വപ്നത്തിൽപോലും വിചാരിച്ചില്ല. ഇന്ത്യൻ സായുധസേന പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളെ ആക്രമിച്ചു. ഇന്ത്യൻ മിസൈലും ഡ്രോണുകളും പാകിസ്ഥാനിലെ സ്ഥലങ്ങൾ ആക്രമിച്ചപ്പോൾ ഭീകരവാദികളുടെ കെട്ടിടങ്ങൾ മാത്രമല്ല അവരുടെ ധൈര്യവും തകർന്നു. ഇന്ത്യ തകർത്തത് ഭീകരതയുടെ യൂണിവേഴ്സിറ്റിയാണ്. പാകിസ്ഥാൻ നിവർത്തിയില്ലാതെ നമ്മുടെ ഡിജിഎമ്മിനെ വിളിച്ചു. ഭയന്നപ്പോൾ ലോകം മുഴുവൻ രക്ഷതേടി. എല്ലാം തകർന്നതോടെ രക്ഷിക്കണേ എന്നായി. ഒടുവിൽ വെടി നിർത്തലിന് അപേക്ഷിച്ചു. ഇന്ത്യക്ക് യുദ്ധത്തോട് താത്പര്യമില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല. തീവ്രവാദത്തോട് സന്ധിയുമില്ല. പാകിസ്ഥാനോട് ചര്‍ച്ച നടക്കുകയാണെങ്കില്‍ അത് തീവ്രവാദത്തെ കുറിച്ച് മാത്രമായിരിക്കും. ഇപ്പോള്‍ നൂറിലേറെ ഭീകരരെയാണ് ഇന്ത്യ ഇല്ലാതാക്കിയത്. നിലവില്‍ ഇന്ത്യയുടെ നിലപാട് ലോകത്തിനും ബോധ്യപ്പെട്ടു കഴിഞ്ഞു. നമ്മൾ ജാഗ്രത തുടരുകയാണ്. എല്ലാ സേനയും ജാഗ്രതയിലാണ്. ഇത് ചെറിയൊരു വിരാമം മാത്രം. പൂർണമായും പിന്മാറിയെന്ന് കരുതരുത്. ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട. അത്തരം നീക്കങ്ങൾ വെച്ചുപൊറുപ്പിക്കില്ല. പ്രകോപനത്തിന് വന്നാൽ തിരിച്ചടിച്ചിരിക്കും.”- നരേന്ദ്രമോദി പറഞ്ഞു.

