ഹൈദരാബാദ് ; യഥാർഥ വിവരങ്ങൾ മറച്ചുവെച്ച് വിവാഹം കഴിച്ചെന്നും മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നും ആരോപിച്ച് ഭാര്യ നൽകിയ പരാതിയിൽ പാക് പൗരൻ ഹൈദരാബാദിൽ അറസ്റ്റിലായി. ബഞ്ചാറാ ഹിൽസിൽ താമസിക്കുന്ന ഫഹദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കീർത്തി എന്ന ദുഹ ഫാത്തിമയുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടി. 1998-ൽ പാകിസ്താനിൽ നിന്നെത്തി ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയതാണെന്ന് ഫഹദ് പറഞ്ഞിരുന്നതായി പരാതിക്കാരി വെളിപ്പെടുത്തി. 2016-ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം ഹിന്ദുമത വിശ്വാസിയായ തന്നെ നിർബന്ധിച്ച് മതം മാറ്റിയെന്നും പേര് ദുഹ ഫാത്തിമ എന്നാക്കിയെന്നും യുവതി ആരോപിച്ചു.
പാക് പൗരനാണെന്ന വിവരം ഫഹദ് മറച്ചുവെച്ചെന്നും പാസ്‌പോർട്ട് പുതുക്കാൻ ഇയാൾ ഇടയ്ക്കിടെ കമ്മീഷണർ ഓഫീസിൽ പോകാറുണ്ടായിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു. ഫഹദിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇവർ പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. ഭീഷണിയും സ്ത്രീധനപീഡനവും നേരിട്ടതായും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. കബളിപ്പിച്ച് വിവാഹം കഴിക്കുകയും വിശ്വാസവഞ്ചന കാണിക്കുകയും ചെയ്ത ഫഹദിനെതിരെ കർശന നടപടി വേണമെന്നാണ് യുവതിയുടെ ആവശ്യം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

