Thursday, January 1, 2026

ധോണിയില്‍ കാട്ടാനയെ തുരത്താന്‍ കുങ്കിയാനയെ എത്തിച്ചു; ആനയെ എത്രദൂരം ഓടിച്ചു വനത്തിൽ കയറ്റണമെന്നുള്ള പദ്ധതികൾ തയ്യാറാക്കി വനം വകുപ്പ്

പാലക്കാട് : കാട്ടാനയെ തുരുത്താൻ ധോണിയിൽ കുങ്കിയാനയെ എത്തിച്ചു. കുങ്കിയാനയെ വയനാട് നിന്നുമാണ് എത്തിച്ചിരിക്കുന്നത്. ഒമ്പതു മണിയോടെ കാട്ടാനയെ തുരത്താനുള്ള നടപടികള്‍ ആരംഭിച്ചു. ആനയെ ഏതുവഴിയാണ്‌ കാട്ടിലെത്തിക്കുക, എത്രദൂരം ഉള്‍ക്കാട്ടിലേക്ക്‌ കയറ്റണം തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ പദ്ധതി തയ്യാറാക്കിയശേഷം ശനി പകല്‍ 11 ഓടെ ദൗത്യം ആരംഭിക്കാനാണ്‌ വനം വകുപ്പ്‌ തീരുമാനം.

ധോണിയില്‍ പ്രഭാത സവാരിക്കിറങ്ങിയ അറുപതുകാരനെ കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊന്നിരുന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം നടന്നത്.

നടക്കാനിറങ്ങിയ ശിവരാമന്‍, ആനയുടെ ചിന്നംവിളി കേട്ട് സമീപത്തെ വയലിലേക്ക് ഓടിമാറിയെങ്കിലും ആന പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ സിപിഐഎം പ്രവര്‍ത്തകര്‍ പാലക്കാട് ഡിഎഫ്‌ഒ ഓഫിസും ഉപരോധിച്ചിരുന്നു.

Related Articles

Latest Articles