Saturday, December 20, 2025

പാലിയേക്കര ടോൾ പ്ലാസ കേസ്: സുപ്രീംകോടതിയിൽ എൻഎച്ച്എഐക്ക് കനത്ത തിരിച്ചടി, ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി വിധി ശരിവെച്ചു

ദില്ലി : പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരേ ദേശീയപാത അതോറിറ്റി നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. റോഡിലെ കുഴികളിലൂടെ സഞ്ചരിക്കാൻ പൗരന്മാർക്ക് കൂടുതൽ പണം നൽകേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ടോൾ നിർത്തിവെച്ച ഹൈക്കോടതി വിധിയിൽ ഇടപെടാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ടോൾ പ്ലാസയിലെ ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികളിൽ ഹൈക്കോടതിയുടെ നിരീക്ഷണം തുടരണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

നേരത്തെയും സമാനമായ ചോദ്യങ്ങൾ കോടതി ഉന്നയിച്ചിരുന്നു. ഹർജിയിൽ വാദം കേൾക്കുന്നതിനിടെ, റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സുപ്രീം കോടതി എൻഎച്ച്എഐക്കെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. “മോശം റോഡിന് ജനം എന്തിനാണ് ടോൾ നൽകുന്നത്?” എന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ചോദിച്ചു.

തൃശൂരിലെ ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ എൻഎച്ച്എഐയും ടോൾ കമ്പനിയും വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഹൈക്കോടതി ഇടപെട്ടത്. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ നേരത്തെ സമയം അനുവദിച്ചിട്ടും ദേശീയപാത അതോറിറ്റി കൂടുതൽ സമയം ആവശ്യപ്പെട്ടതോടെ ഓഗസ്റ്റ് ആറിനാണ് പാലിയേക്കരയിൽ ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടത്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് എൻഎച്ച്എഐയും ടോൾ കമ്പനിയും സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഹൈക്കോടതിയുടെ തീരുമാനം ശരിവെച്ച് സുപ്രീം കോടതി ടോൾ പിരിവ് നിർത്തിവെക്കാൻ ഉത്തരവിട്ടു.

Related Articles

Latest Articles