കോഴിക്കോട്: പന്തീരങ്കാവ് ബൈപ്പാസില്‍ ഇന്നലെയുണ്ടായ വാഹനപകടത്തൽ ലോറി ഡ്രൈവർ അറസ്റ്റിൽ. മണ്ണാർക്കാട് സ്വദേശി ഹാരിസ് അബ്ദുവിനെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് ലോറി ഓടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്.
കഴിഞ്ഞ ദിവസമാണ് ദേശീയപാത ബൈപ്പാസിലെ അറപ്പുഴ പാലത്തിനു സമീപം വയല്‍ക്കരയില്‍ അപകടം നടന്നത്. വൈകുന്നേരം ഹാരിസ് ഓടിച്ചിരുന്ന ലോറി കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച് മടവൂര്‍ സ്വദേശികളായ ദമ്പതികള്‍ മരിച്ചത്. മടവൂര്‍ ചക്കാലക്കല്‍ എതിരംമല കൃഷ്ണന്‍കുട്ടി, ഭാര്യ സുധ എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ അരുണ്‍, കാര്‍ ഡ്രൈവര്‍ എന്നിവരടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. മാത്രമല്ല അപകടം നടന്ന ഉടനെ ഡ്രൈവറും ക്ലീനറും ഇറങ്ങി ഓടി.
എറണാകുളത്ത് പഠിക്കുന്ന ഇളയ മകന്‍ അഭിജിത്തിനെ അവിടെ കൊണ്ട്‌വിട്ട് തിരിച്ചു വരികയായിരുന്നു കൃഷ്ണന്‍കുട്ടിയും കുടുംബവും. കാര്‍ തകര്‍ന്ന് ലോറിയുടെ അടിയിലായ നിലയിലായിരുന്നു. ഒരു ഗുഡ്‌സ് ഓട്ടോയും അപകടത്തില്‍പ്പെട്ടിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

