Sunday, December 14, 2025

പരാശ്രയത്വമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു!!ഭാരതത്തിന്റെ സാധ്യതകളെ കോണ്‍ഗ്രസ് അവഗണിച്ചു; പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഭാരതത്തിന്റെ സാധ്യതകളെ കോണ്‍ഗ്രസ് അവഗണിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഗുജറാത്തിലെ ഭാവ്‌നഗറിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിച്ചത്.

1991-ന് മുൻപുള്ള ലൈസൻസ്-ക്വാട്ടാ രാജിനെയും വിപണി തുറന്നതിന് ശേഷമുള്ള ഇറക്കുമതിയിലുള്ള ശ്രദ്ധയേയും പ്രധാനമന്ത്രി വിമർശിച്ചു. ഭാരതം ആത്മനിർഭർ (സ്വയംപര്യാപ്‌തത) ആയി ലോകത്തിന് മുന്നിൽ ശക്തമായി നിൽക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു. “ഭാരതത്തിന് കഴിവുകളുടെ കുറവില്ല, പക്ഷേ സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് ഭാരതത്തിന്റെ എല്ലാ സാധ്യതകളും അവഗണിച്ചു” -അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ യഥാർത്ഥ ശക്തി പുറത്തുകൊണ്ടുവരാൻ കോണ്‍ഗ്രസ് സർക്കാരുകൾക്ക് കഴിഞ്ഞില്ല. അഴിമതികൾ രാജ്യത്തെ പിന്നോട്ട് നയിച്ചു. ലോകത്തിൽ നമുക്ക് വലിയ ശത്രുവില്ല. നമുക്ക് ഒരു ശത്രുവുണ്ടെങ്കിൽ അത് മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതാണ്. പരാശ്രയത്വമാണ് നമ്മുടെ ഏറ്റവും വലിയ ശത്രു, ഈ ശത്രുവിനെ നമ്മൾ ഒരുമിച്ച് പരാജയപ്പെടുത്തണം. 140 കോടി ജനങ്ങളുടെ ജനങ്ങളുടെ ഭാവി നമുക്ക് മറ്റുള്ളവരെ ഏൽപ്പിക്കാൻ സാധിക്കില്ല. വികസനത്തിനായി ഭാരതത്തിന് മറ്റുള്ളവരെ ആശ്രയിക്കാനോ വരും തലമുറകളുടെ ഭാവി അപകടത്തിലാക്കാനോ കഴിയില്ല.

വിദേശ രാജ്യങ്ങളിൽ നിന്ന് വൻതോതിൽ അസംസ്കൃത എണ്ണയും വാതകവും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നു. പകരമായി, ഭാരതം എല്ലാ വർഷവും ലക്ഷക്കണക്കിന് കോടി രൂപ മറ്റ് രാജ്യങ്ങൾക്ക് നൽകേണ്ടിവരുന്നു. നമ്മുടെ പണം വിദേശത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യം മാറ്റേണ്ടത് അത്യാവശ്യമാണ്.വരുന്ന തലമുറകൾക്ക് സ്ഥിരതയുള്ളതും സമൃദ്ധവുമായ ഒരു ഭാവി ഉറപ്പാക്കാൻ ഭാരതത്തിന് വിദേശ ആശ്രയത്വം താങ്ങാനാവില്ലെന്നും ഒരുപാട് പ്രശ്‌നങ്ങൾക്ക് ഒരൊറ്റ മരുന്ന് സ്വയംപര്യാപ്‌തമായ ഭാരതമാണ്.”- പ്രധാനമന്ത്രി പറഞ്ഞു. ഭാവ്‌നഗറിൽ 34,200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്തു.

Related Articles

Latest Articles