സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്. കേസിലെ പ്രധാന പ്രതി മലയാളിയായ കാടമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടിൽ 168 പാക് പൗരന്മാരുമായി ബന്ധപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ചൈനീസ് വനികകള്‍ക്കും ബംഗ്ലാദേശ് സ്വദേശികള്‍ക്കും ഇബ്രാഹിം കോള്‍ റൂട്ടുകള്‍ നല്‍കിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. പാകിസ്താന്‍കാരനായ മുഹമ്മദ് റഹീം, ബംഗ്ലാദേശ് സ്വദേശി സാഹിര്‍, ചൈനീസ് വനിതകളായ ഫ്‌ലൈ, ലീ എന്നിവര്‍ക്കാണ് റൂട്ടുകള്‍ കൈമാറിയത്. ഇവര്‍ മാസങ്ങളോളം ഇന്ത്യയില്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഇബ്രാഹിം പുല്ലാട്ടിന്റെ നടപടി രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന്ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു പ്രതിയായ അബ്ദുള്‍ ഗഫൂര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ക്രൈം ബ്രാഞ്ച് വെളിപ്പെടുത്തല്‍. സൈനിക കേന്ദ്രത്തിലെ രഹസ്യങ്ങൾ ചോർത്താൻ ശ്രമിക്കുമ്പോഴാണ് കേരളത്തിലെ നഗരങ്ങളിൽ നിന്നടക്കം കർണ്ണാടക പോലീസും മിലിറ്ററി ഇന്റലിജൻസും ചേർന്ന് പിടികൂടിയത്.

