India

അധികാരസ്ഥാനങ്ങളിൽ നിന്നും അകലം പാലിച്ച സൈദ്ധാന്തികൻ; പി പരമേശ്വരൻ എന്ന പ്രകാശഗോപുരം; ഇന്ന് പരമേശ്വർജി സ്മൃതി ദിനം

ഇന്ന് ഫെബ്രുവരി 9. പരമേശ്വർജി സ്മൃതി ദിനം (P Parameswaran Death Anniversary). ആര്‍എസ്എസ് സൈദ്ധാന്തികനും താത്വികാചാര്യനുമായ പി.പരമേശ്വരന്‍ എന്ന പരമേശ്വർജി ബൗദ്ധികമായ ഔന്നത്യത്തിൽ എന്നും മലയാളികളുടെ അഭിമാനമാണ്. ലാളിത്യവും ആദർശനിഷ്ഠയും നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കന്നിമാസത്തിലെ തിരുവോണനാളിൽ ചേർത്തല താലൂക്കിലെ ചാരമംഗലത്ത് താമരശേരി ഇല്ലത്ത് പരമേശ്വരൻ ഇളയതിന്റെയും സാവിത്രി അന്തർജനത്തിന്റെയും ഇളയ സന്താനമായാണു പരമേശ്വരന്റെ ജനനം. പണ്ഡിതനും കവിയുമായിരുന്ന പിതാവിന്റെ സാഹിത്യാഭിരുചി പരമേശ്വരനും ലഭിച്ചു.കായിക്കര ആർഎൽപി സ്കൂളിലാണ് ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്. ചേർത്തല ഇംഗ്ലിഷ് ഹൈസ്കൂളിലെ പഠനത്തിനു ശേഷം ചങ്ങനാശേരി എസ്ബി കോളജിൽനിന്ന് ഫെലോ ഓഫ് ആർട്സ് യോഗ്യതയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് ഒന്നാം റാങ്കോടെ ചരിത്രം ഐച്ഛിക വിഷയമായി ബിഎ ഓണേഴ്സും പാസായി.

എസ്ബി കോളജിൽ പഠിക്കവേ, യങ്മെൻ അസോസിയേഷൻ എന്നൊരു സംഘടന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിരുന്നു. ചെറുപ്പത്തിൽതന്നെ ആത്മീയകാര്യങ്ങളിൽ തൽപരനായിരുന്ന പരമേശ്വരൻ പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് സ്വാമി ആഗമാനന്ദയോടൊത്ത് ഭാരതതീർഥാടനം നടത്തി. യാത്രയ്ക്കിടെ കൊൽക്കത്ത ബേലൂർമഠം സന്ദർശിച്ച അദ്ദേഹം രാമകൃഷ്ണ മിഷനിൽനിന്ന് ദീക്ഷ സ്വീകരിച്ചു. തമിഴ്നാട്ടിലെ ആറ്റൂരിൽ നടന്ന ആർഎസ്എസ് സമ്മേളനത്തിനിടെ സംഘടനാ തലവൻ ഗുരുജി എന്ന എം.എസ്.ഗോൾവാൾക്കറുമായി നേരിട്ട് ഇടപഴകുവാൻ അവസരമുണ്ടായതാണു പി.പരമേശ്വരന്റെ രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടുകളിൽ നിർണായകമായത്.

ഗോൾവാൾക്കറുമായും ഉത്തരേന്ത്യക്കാരായ ആർഎസ്എസ് പ്രമുഖരുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തി. മുഴുവൻസമയ ആർഎസ്എസ് പ്രവർത്തകനായി മാറിയ അദ്ദേഹം തിരുവനന്തപുരത്തും പിന്നീട് കൊല്ലത്തും ചങ്ങനാശേരിയിലും കോഴിക്കോട്ടും സജീവമായി സംഘടനാപ്രവർത്തനം നടത്തി. കോഴിക്കോട് ആയിരിക്കെ കേസരി വാരികയിൽ പലവട്ടം അദ്ദേഹത്തിന്റെ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടു. സംഘർഷത്തിലൂടെയല്ല സമന്വയത്തിലൂടെയാണു പുതിയ ലോകം സൃഷ്ടിക്കപ്പെടേണ്ടത് എന്നു വാദിച്ച ദീനദയാൽ ഉപാധ്യായയുടെ ആദർശങ്ങൾ പരമേശ്വരനെ വളരെ സ്വാധീനിച്ചു. ജനസംഘത്തിന്റെ കേരളത്തിലെ സംഘടനാകാര്യദർശിയായിരുന്ന പരമേശ്വരൻ ജനസംഘം സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി, ദേശീയ ഉപാധ്യക്ഷൻ തുടങ്ങിയ തലങ്ങളിലേക്ക് ഉയർന്നു. അടിയന്താരവസ്ഥക്കാലത്ത് മിസ തടവുകാരനായി 16 മാസം ജയിൽശിക്ഷ അനുഭവിച്ചു.

ജനസംഘം ലയിച്ച് ജനതാപാർട്ടി രൂപംകൊണ്ടതോടെ കക്ഷിരാഷ്ട്രീയത്തിൽനിന്ന് അകന്ന അദ്ദേഹം ഡൽഹിയിലെ ദീനദയാൽ ഗവേഷണ കേന്ദ്രത്തിന്റെ ചുമതലക്കാരനാകാനാണു താൽപര്യം പ്രകടിപ്പിച്ചത്.
1982ൽ കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം തിരുവനന്തപുരത്ത് ഭാരതീയവിചാരകേന്ദ്രം സ്ഥാപിച്ചു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പരിധികൾ മറികടന്ന് രാജ്യത്തും വിദേശത്തുമുള്ള പ്രഗദ്‌ഭരായ ചിന്തകരെ പങ്കെടുപ്പിച്ചുകൊണ്ട് നിരന്തരം ചർച്ചകളും സെമിനാറുകളും നടത്തി.

കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിന്റെയും അധ്യക്ഷനായിരുന്നു. വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രസിദ്ധീകരണമായ യുവഭാരതിൽ അദ്ദേഹം എഴുതിയ മുഖപ്രസംഗങ്ങളുടെ സമാഹാരമായി ഹിന്ദുരാഷ്ട്രത്തിന്റെ ഹൃദയത്തുടിപ്പുകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ശ്രീനാരായണഗുരുവിനെക്കുറിച്ച് നവോഥാനത്തിന്റെ പ്രവാചകൻ എന്ന പേരിലും മഹർഷി അരവിന്ദനെക്കുറിച്ച് ശ്രീഅരവിന്ദൻ ഭാവിയുടെ ദാർശനികൻ എന്ന പേരിലും പുസ്തകങ്ങൾ എഴുതി.

ഇന്ത്യൻ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് ആശയങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്ന മാർക്സും വിവേകാനന്ദനും, മാർക്സിൽനിന്ന് മഹർഷിയിലേക്ക്, ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും ഇന്ത്യൻ കമ്യൂണിസ്റ്റുകളും, ഹിന്ദുധർമവും ഇന്ത്യൻ കമ്യൂണിസവും എന്നീ പുസ്തകങ്ങൾ ഏറെ പ്രശസ്തമാണ്. കേരളം ഭ്രാന്താലയത്തിൽനിന്ന് തീർഥാലയത്തിലേക്ക്, ഹാർട്ബീറ്റ് ഓഫ് ഹിന്ദു നേഷൻ, സ്വതന്ത്രഭാരതം ഗതിയും നിയതിയും, ദിശാബോധത്തിന്റെ ദർശനം തുടങ്ങിയവയും അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്. സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖമെന്ന നിലയില്‍ കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കേരളത്തിലെ സാംസ്‌കാരിക മണ്ഡലത്തിലെ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ഭാരതീയ ദര്‍ശനങ്ങളില്‍ പഠനങ്ങൾ നടത്തിയതോടൊപ്പം കമ്മ്യൂണിസം പോലുള്ള വൈദേശിക പ്രത്യയ ശാസ്ത്രങ്ങളെ കുറിച്ചും ഗഹനായ പാണ്ഡിത്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. 2020 ഫെബ്രുവരി 9 നാണ് പരമേശ്വർജി എന്ന ആ പ്രകാശഗോപുരം ഈ ലോകത്തോട് വിടപറഞ്ഞത്.

B4 Admin

Recent Posts

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തി: ആശംസകൾ കൈമാറി സാംസ്കാരിക ദീപോത്സവത്തിന് തുടക്കം!

രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

10 hours ago

ആർഷഭാരത പാരമ്പര്യവും സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ സമ്മേളനവും ആചാര്യ കുടുംബ സംഗമവും നവംബർ 8-ന്!

സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…

13 hours ago

കാരുണ്യത്തിന്റെ വലിയ മാതൃക തീർത്ത് നടൻ വിവേക് ഒബ്‌റോയ്: ‘രാമായണം’ സിനിമയ്ക്കായി ലഭിച്ച 6 കോടി രൂപ അർബുദ രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്തു!

പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…

14 hours ago

ആദിവാസി യുവതിയുടെ മരണം ജാർഖണ്ഡിൽ വിവാദമാകുന്നു, ഹേമന്ത് സോറൻ സർക്കാരിനെതിരെ പ്രതിഷേധം

ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…

17 hours ago

അഞ്ചര വർഷത്തിന് ശേഷം കായംകുളത്ത് വൈദ്യുതി ഉത്പാദനം: കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പുതിയ പ്രതീക്ഷയാകുമോ

കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…

19 hours ago

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

1 day ago