തിരുവനന്തപുരം : പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ വിധി ഈ മാസം 17ന് .നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധിപറയാനായി മാറ്റിയത്. മൂന്നു ദിവസമായി നടന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് വിധി പറയാനായി കേസ് മാറ്റിയത്.2022 ഒക്ടോബർ 13 നാണ് കേസിനാസ്പദമായ സംഭവം. പ്രതി ഗ്രീഷ്മ പ്രണയബന്ധത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാതിരുന്ന കാമുകൻ ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊന്നുവെന്നാണ് കേസ്. ഷാരോൺ കൊല്ലപ്പെട്ട് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്.ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി ഗ്രീഷ്മ ജൂസിൽ വിഷം ചേർത്ത് ‘ജൂസ് ചാലഞ്ച്’ നടത്തിയിരുന്നു.
അന്ന് ജൂസിന് കയ്പ്പായതിനാൽ ഷാരോൺ പൂർണമായി ഉപയോഗിച്ചില്ല. പിന്നീടാണ് കഷായത്തിൽ വിഷം ചേർത്തത്.ഷാരോണിന്‍റെ കാമുകി ഗ്രീഷ്മയും അവരുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരുമാണ് പ്രതികള്‍. ഒന്നാം പ്രതിയായ ഗ്രീഷ്മ വിഷം കൊടുത്തതിനും കൊലപാതകത്തിനുമാണ് വിചാരണ നേരിട്ടത്. തെളിവ് നശിപ്പിച്ചതിനാണ് അമ്മയ്ക്കും അമ്മാവനുമെതിരെ കേസ്.പ്രോസിക്യൂഷനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാർ ഹാജരായി. പ്രതികൾക്കെതിരെ 323 രേഖകളും, 51 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ തെളിവിനായി സമർപ്പിച്ചു. ദൃക്സാക്ഷികൾ ഇല്ലാത്ത ഈ കേസിൽ സാഹചര്യ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രോസിക്യൂഷൻ വാദം നടത്തിയത്.ജൂസ് ചാലഞ്ചിനു മുൻപായി പാരസെറ്റമോളിനെക്കുറിച്ച് ഗ്രീഷ്മ ഗൂഗിളിൽ തിരഞ്ഞത് പനി ആയതുകൊണ്ടാണെന്ന് പ്രതിഭാഗം വാദിച്ചു. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മ ആത്മഹത്യ ചെയ്യുന്നതിനാണ് വിഷയത്തെക്കുറിച്ച് സെർച്ച് ചെയ്തത്. ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയിൽ കയറിയ സമയം തിളപ്പിച്ചാറ്റിയ കഷായം ഷാരോൺ രാജ് കുടിച്ച ശേഷം വീട്ടിൽനിന്നു പോയി എന്നാണ് പ്രതിഭാഗം വാദിച്ചത്. ഈ വാദങ്ങൾ കെട്ടുകഥകൾ ആണെന്നും ഡിജിറ്റൽ തെളിവുകളുടെയും മെഡിക്കൽ തെളിവുകളുടെയും ഫൊറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെടുന്നതായും പ്രോസിക്യൂഷൻ വാദിച്ചു.

